കൊച്ചി: തൊഴില്‍തര്‍ക്കം മെട്രോ റെയില്നിര്മാണത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. തര്‍ക്കം പരിഹരിക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണിത്. മെട്രോയുടെ ആദ്യ രണ്ട് റീച്ചുകളായ ആലുവ-കളമശ്ശേരി മേഖലയില്‍ നിര്‍മാണം നടത്തുന്ന ലാര്സണ് ആന്റ് ട്യൂബ്രോ കമ്പനി നിര്‍മാണജോലികള്‍ക്ക് പ്രാദേശിക തൊഴിലാളികളെ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രാദേശിക തൊഴിലാളികള്‍ കളമശ്ശേരിയിലെ യാര്‍ഡില്‍ നിര്‍മാണജോലികള്‍ തടസപ്പെടുത്തി. 280 ഒാളം ജോലിക്കാരാണ് കരാര്കമ്പനിക്കുവേണ്ടി ഇവിടെ പണിയെടുക്കുന്നത്. ഇതില്‍ പകുതിയെങ്കിലും തദ്ദേശീയരായ തൊഴിലാളികളെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
ജില്ലാ കളക്ടറും ജനപ്രതിനിധികളും കെഎംആര്‍എല്‍ അധികൃതരും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇരുപതോളം പ്രാദേശിക തൊഴിലാളികളെയാണ് ഇപ്പോള്‍ ജോലിക്കെടുത്തിട്ടുള്ളത്. അന്യസംസ്ഥാന തൊഴിലാളികളാണ് മറ്റുള്ളവര്‍. രാത്രിയും പകലും നീണ്ടുനില്‍ക്കുന്ന ജോലിക്ക് പ്രാദേശികമായി തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിലാണ് ഇതെന്ന് കരാര്‍കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നുമുള്ള നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പണിമുടക്ക് മറ്റ് റീച്ചുകളിലേക്കും വ്യാപിക്കാനിടയുണ്ട്. ഇത് മെട്രോയുടെ നിര്‍മാണ പുരോഗതിയെ തടസപ്പെടുത്തുമെന്ന ആശങ്കയാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: