കൊച്ചി: രാജ്യത്തെ ശാസ്ത്ര വ്യാവസായിക പുരോഗതിക്ക് വിദ്യാഭ്യാസവും വ്യവസായവും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം പറഞ്ഞു. ഇതിനായി സ്കൂള്‍-കോളേജ് തലത്തില്‍ കരിക്കുലം തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിന് എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റ് സില്‍വല്‍ ജൂബിലി ആഘോഷം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ ഇത്തരം വികസനം മുന്‍നിര്‍ത്തിയുള്ള പദ്ധതി തയ്യാറാക്കണം. രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നല്ലൊരു പങ്ക് ചെറുകിട വ്യവസായത്തില്‍ നിന്നുമാണുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഗ്രാമപ്രദേശങ്ങളിലെ ചെറുകിട വ്യവസായത്തിന്റെ വികസനത്തിനും തുല്യ പ്രാധാന്യം നല്കി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ബാബു, ബന്നി ബഹനാന് എംഎല്‍എ, ഡോ.എ.എ.ഷഹീന, സി.ജെ.മാത്യൂസ്, കെ.കെ.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ബെനിവലന്റ് ഫണ്ട് മന്ത്രി കെ.ബാബു ഏറ്റുവാങ്ങി. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറ് ഡവലപ്പ്മെന്റ് കമ്മീഷണര്‍മാരേയും അഞ്ച് വ്യവസായ സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്റെ സുവനീര്‍ ടി.പി.ശ്രീനിവാസന്, ഡോ.എ.എ.ഷഹീനക്ക് നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: