ഡര്ബന്: ഡെയ്ല്‍ സ്റ്റെയ്നിന്റെ മൂര്‍ച്ചയ്ക്കു മുന്നില്‍ ടീം ഇന്ത്യ സുല്ലിട്ടു നാള്. ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1ന് 181ന് എന്ന നിലയില്‍ കളിയാരംഭിച്ച മഹേന്ദ്ര സിങ് ധോണിയും കൂട്ടരും ആദ്യ ഇന്നിങ്ങ്സില്‍ 334 റണ്‍സിന് ഓള്‍ഔട്ടായി. ആറു വിക്കറ്റുമായി കത്തിക്കയറിയ സ്റ്റെയ്നിന്റെ തീപാറുന്ന പന്തുകള്‍ ഇന്ത്യയ്ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെടാതെ 82 റണ്‍സെടുത്തിട്ടുണ്ട്. ഗ്രെയിം സ്മിത്തും (35) ആല്‍വിരോ പിറ്റേഴ്സനും (46) ക്രീസില്‍.
ഇന്ത്യയെ സംബന്ധിച്ച് നഷ്ടക്കണക്കുകളാണ് ഇന്നലെ ഏറെയും. മുരളി വിജയ്യുടെ (97) സെഞ്ച്വറി നഷ്ടം അവയിലൊന്ന്. വിരാട് കോഹ്ലിക്ക് (46) അര്‍ധ സെഞ്ച്വറിയിലും എത്താനായില്ല. ആകെ ആശ്വാസം അജിന്‍ക്യ രഹാനെ (51 നോട്ടൗട്ട്) പുറത്തെടുത്ത ബാറ്റിങ്ങായിരുന്നു കോഹ്ലിയുമൊന്നിച്ച് രഹാനെ ചേര്‍ത്ത 66 റണ്‍സും ധോണി (24)യുമൊത്തു സ്വരുക്കൂട്ടിയ 55 റണ്‍സും ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷപെടുത്തി. എട്ടു ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു രഹാനെയുടെ ഇന്നിങ്ങ്സ്.
മഴകാരണം കളി വൈകിയായിരുന്നു തുടങ്ങിയത്. എന്നാല്‍ വിക്കറ്റ് വേട്ടയ്ക്ക് സ്റ്റെയ്ന് യാതൊരു അമാന്തവും കാട്ടിയില്ല. ഇന്ത്യന്‍ സ്കോര്‍ 198ല്‍ നില്‍ക്കെ ചേതേശ്വര്‍ പൂജാരയെ (70) വിക്കറ്റ് കീപ്പറുടെ റോളെടുത്ത എബി ഡിവില്ലിയേഴ്സിന്റെ ഗ്ലൗസില്‍ എത്തിച്ചു. വിജയ്യും സമാന രീതിയില്‍ സ്റ്റെയ്നിനെ വണങ്ങി. സ്റ്റെയ്നിന്റെ റിവേഴ്സിങ് വിട്ടുകളഞ്ഞ രോഹിത് ശര്‍മ്മ (0) യുടെ മിഡില്‍ സ്റ്റാമ്പ് ഇളക്കിമാറ്റപ്പെട്ടു. അപ്പോഴും കോഹ്ലി ഒരു വശത്തു പിടിച്ചു നിന്നു. രഹാനെയുമായി ചേര്‍ന്ന് ചെറു രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടെ കോഹ്ലിയെ മോണി മോര്‍ക്കല്‍ പുറത്തേക്കു നയിച്ചു. തുടര്‍ന്ന് ധോണി രഹാനയ്ക്ക് കൂട്ടായെത്തി; മറ്റൊരു കുഞ്ഞു സഖ്യം. ഇന്ത്യന്‍ നായകനെ കരകയറ്റുകയെന്ന ദൗത്യവും സ്റ്റെയ്ന് തന്നെ നിര്‍വഹിച്ചു.
രവീന്ദ്ര ജഡേജ (0), സഹീര്‍ ഖാന് (0), ഇഷാന്ത് ശര്‍മ്മ (4), മുഹമ്മദ് ഷാമി (1) തുടങ്ങിയവരെല്ലാം തനി വാലറ്റക്കാരായി മാറിയ വേളയില്‍ ഒരുവശത്തു നിരാശനായി നില്ക്കാനെ രഹാനെയ്ക്കു കഴിയുമായിരുന്നുള്ളു. ഇഷാന്തിനെയും സഹീറിനെയും ഡഗ് ഔട്ടുകാട്ടി സ്റ്റെയ്ന് തന്നെയാണ് ഇന്ത്യയുടെ വാല് അറുത്തതും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന രണ്ടാമത്തെ താരമായി ജാക്വസ് കാലിസ് (200, 1) മാറുന്നതിനും ഇന്നലെ ഡര്ബന് സാക്ഷിയായി. 66 മത്സരങ്ങളില്‍ നിന്നാണ് കാലിസിന്റെ നേട്ടം. രാഹുല്‍ ദ്രാവിഡ് (210, 164 മത്സരങ്ങള്‍) മാത്രമേ കാലിസിനു മുന്നിലുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: