കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭവും സംസ്ഥാനത്തെ വനപാലകരില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു. ഈ രണ്ട് പ്രശ്നങ്ങളിലും തങ്ങള്‍ ഇരകളാക്കപ്പെടുമെന്ന ഭീതിയാണ് വനപാലകരില്‍. പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍.
സര്‍ക്കാറുമായി വിലപേശല്‍ നടത്താന്‍ മാവോയിസ്റ്റുകള്‍ വനംജീവനക്കാരെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുമെന്ന അഭ്യൂഹം പരക്കെയുണ്ട്. വനത്തില്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ സാന്നിധ്യം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ചിലയിടങ്ങളില്‍ വെടിയൊച്ചയും ഉണ്ടായി.
നിലമ്പൂരിലും മറ്റും കടുവാ സെന്‍സസില്‍ നിന്ന് ഇത്തവണ സന്നദ്ധപ്രവര്‍ത്തകരെ ഒഴിവാക്കിയുള്ള വനംവകുപ്പധികൃതരുടെ നടപടിയും മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ്. പൊതുജനങ്ങള്‍ക്കുള്ള അപായസാധ്യത ഒഴിവാക്കാനാണിതെന്ന് അധികൃതര്‍ തന്നെ വിശദീകരിക്കുന്നു.
നിലവില്‍ സുസജ്ജരല്ലാത്തവരാണ് വനപാലകര്‍. വേണ്ടത്ര ആയുധമില്ല. ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതിനാല്‍ പലപ്പോഴും സേന വനം കാക്കുന്നത് ഒറ്റപ്പെട്ടാണ്. ഇവര്‍ക്ക് നേരെയുള്ള അതിക്രമം ഇതെളുപ്പമാക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടവരുടെ ലക്ഷ്യവും വനംവകുപ്പിനോടാണെന്ന് വ്യക്തമായിട്ടുണ്ട്. താമരശ്ശേരി, അടിവാരം, കാട്ടിക്കുളം, വരയാല്‍ എന്നിവിടങ്ങളില്‍ വകുപ്പിന്റെ വാഹനവും ഓഫീസും കത്തിച്ചതിലൂടെ ഇത് തെളിയിക്കപ്പെട്ടു. ഇവരുടെ പുതിയ ഭീഷണി കാട്ടുതീ വഴിയാകാമെന്നും വനം വകുപ്പ്ജീവനക്കാരില് സംശയമുണ്ട്.
കൊടുംചൂട് തുടങ്ങുന്ന ഡിസംബര്‍ മുതല്‍ വനത്തില്‍ സ്വാഭാവിക കാട്ടുതീ ഉണ്ടാകാറുണ്ട്. വന്‍ നാശനഷ്ടമാണ് ഇതുവഴി വകുപ്പിന് ഉണ്ടാകാറ്. ഈ ലക്ഷ്യത്തോടെ ബോധപൂര്‍വ്വം ചിലര്‍ കാട്ടുതീ ഉണ്ടാക്കാനുള്ള സാധ്യതയാണ് വനപാലകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഭീതിതമായ ഈ രണ്ട് സാഹചര്യങ്ങളെക്കുറിച്ചും ജീവനക്കാര്‍ വകുപ്പ് മേധാവികളെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതിനെ ഗൗരവമായി എടുത്തിട്ടല്ലത്രെ. മാത്രമല്ല ഊര്‍ജിതമായ അന്വേഷണം നടത്തി മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് സ്ഥിരീകരിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കസ്തൂരി രംഗന് റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭകര്‍ നടത്തിയ അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസും തളര്‍ന്നിരിക്കുകയാണ്.
സര്‍ക്കാറിന്റെ കാര്യക്ഷമമല്ലാത്ത ഈ നടപടികളും തങ്ങളുടെ ആശങ്കയോടുള്ള നിഷേധാത്മക സമീപനവും വനംജീവനക്കാരുടെ ഭീതി കൂട്ടുകയാണ്.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: