കാസര്‍കോട്: കുട്ടികളെ സാഹിത്യത്തിലേക്ക് ആകര്‍ഷിക്കുന്നതിന് നിര്‍ബന്ധബുദ്ധി പാടില്ലെന്ന് എഴുത്തുകാരന് സി.വി.ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന സാഹിത്യോത്സവം തളങ്കര ജിഎംവിഎച്ച്എസ്എസില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരബുദ്ധിയോടെ കാണേണ്ട ഒന്നല്ല സാഹിത്യം. കഴിവുകള്‍ കണ്ടെത്തി വ്യക്തിമുദ്ര പതിച്ച് മുന്നോട്ട് പോകാന്‍ പ്രചോദനം ഒരുക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ താഹിറ സത്താര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നാരായണന് മുഖ്യാതിഥിയായിരുന്നു. ജി.നാരായണന്, ഡോ.പി.വി.കൃഷ്ണകുമാര്‍, വി.ജെ. സ്കറിയ, വി.ഡി.ജോസഫ്, കെ.മനോജ് എന്നിവര്‍ സംസാരിച്ചു.
സാഹിത്യോത്സവത്തില്‍ നടന്ന ശില്പശാല കുട്ടികളുടെ സര്‍ഗാത്മകത ഉണര്‍ത്തുന്നതായിരുന്നു. കഥ, കവിത, ഉപന്യാസം, ചിത്രം, നാടന്‍പാട്ട് എന്നിവയിലാണ് ശില്പശാല നടന്നത്.
വാക്കുകളില്‍ കൂടി ദര്‍ശനം അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് കല അനശ്വരമാകുന്നതെന്ന് പ്രമുഖ കഥാകൃത്ത് പി.സുരേന്ദ്രന് അഭിപ്രായപ്പെട്ടു. കഥയും സാഹിത്യവും സര്‍ഗാത്മകമാണ്. ആര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്നതല്ല.
പുതിയകാലത്തെ കവിതകള്‍ക്ക് താളവും ഈണവും അത് മുന്നോട്ട് വെക്കുന്ന തിരിച്ചറിവുതന്നെയാണെന്നും ഗീതങ്ങളുടെ കാലം മാറ്റത്തിന്റെ പാതിയിലാണെന്നും കവിയും ചിത്രകാരനുമായ സോമന് കടലൂര്‍ പറഞ്ഞു. കവിതാക്യാമ്പില്‍ കുട്ടികളുമായി മുഖാമുഖം നടത്തുകയായിരുന്നു അദ്ദേഹം. നാലുവേദികളിലായി നടന്ന ശില്പശാലയിലെ കഥാക്യാമ്പില്‍ പി.സുരേന്ദ്രന്, പി.വി.ഷാജികുമാര്‍, ടി.പി.വേണുഗോപാല്‍, രമേശന് ബ്ലാത്തൂര്‍, സജിദ്ഖാന് പനവേലില്‍ എന്നിവരും കവിതാക്യാമ്പില്‍ കല്‍പ്പറ്റ നാരായണന്, എസ്.ജോസഫ്, മാധവന് പുറച്ചേരി, ദിവാകരന് വിഷ്ണുമംഗലം എന്നിവരും പങ്കെടുത്തു.
പ്രൊഫ.മുഹമ്മദ് അഹമ്മദ്, ഇ.പി.രാജഗോപാല്‍, ഡോ.ഇ.ഉണ്ണികൃഷ്ണന് എന്നിവര്‍ ഉപന്യാസ ക്യാമ്പിലും പ്രശസ്ത ചിത്രകാരന് പി.എസ്.പുണിഞ്ചിത്തായ, സചിന്ദ്രന്‍ കാറഡുക്ക എന്നിവര്‍ ചിത്രകലാക്യാമ്പിലും മാത്യൂസ് വയനാടും സംഘവും നാടന്‍ പാട്ടും നയിച്ചു. തുടര്‍ന്ന് കഥ, കവിത, ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങളും പുസ്തകാസ്വാദന കുറിപ്പും നടന്നു. സപ്തഭാഷാ സംഗമഭൂമി കാസര്‍കോട് എന്ന വിഷയത്തില്‍ ചര്‍ച്ചയും തനതുകലകളുടെ പ്രദര്‍ശനവും നടന്നു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ 14 ജില്ലകളില്‍ നിന്നായി അഞ്ഞൂറില്പരം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും എഴുത്തുകാരും സംബന്ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: