ബംഗളുരു: എടിഎം ബൂത്ത് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യോതി ഉദയ് ആശുപത്രി വിട്ടു. ബംഗളുരുവിലെ ബിജിഎസ് ഗ്ലോബല്‍ ആശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു ജ്യോതി. ഇപ്പോള്‍ നടക്കാനാവുന്നുണ്ടെന്നും ഉടന്‍ ജോലിക്ക് പോയിത്തുടങ്ങുമെന്നും ജ്യോതി പറഞ്ഞു.
കഴിഞ്ഞ മാസം 19നാണ് തിരുവനന്തപുരം സ്വദേശിയും കോര്പ്പറേഷന് ബാങ്ക് സര്‍വീസ് മാനേജരുമായ ജ്യോതി എ.ടി.എം കൗണ്ടറിനുള്ളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. വടിവാള്‍ കൊണ്ട് ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അക്രമി ജ്യോതിയുടെ എ.ടി.എം കാര്‍ഡും ഹാന്‍ഡ്ബാഗുമായി കടന്നു കളയുകയായിരുന്നു. ആക്രമണത്തില്‍ ജ്യോതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ വലതുവശം തളര്‍ന്നുപോകുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ജ്യോതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന ജ്യോതി പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. രണ്ട് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ജ്യോതി പൂര്‍ണ ആരോഗ്യവതിയാകുമെന്നും അടുത്ത മാസത്തോടെ നന്നായി നടന്നു തുടങ്ങാനാവുമെന്നും ഡോക്ടര്‍ വെങ്കിട്ട് രമണ പറഞ്ഞു. ചികിത്സാ ചെലവുകളെല്ലാം കോര്പ്പറേഷന് ബാങ്ക് നല്‍കിയതായും ഫിസിയോ തെറാപ്പിക്കായി മാത്രം ഇനി ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്നും ഡോക്ടര്‍ അറിയിച്ചു.
സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ജ്യോതിയെ ആക്രമിച്ച പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: