ലക്നൗ: തെരഞ്ഞെടുപ്പ് കാലത്തുമാത്രം പാവങ്ങളെ ഓര്‍മ്മിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി. നെഹ്രു- ഗാന്ധി കുടുംബങ്ങള്‍ ഇന്ത്യയെ ദാരിദ്ര്യത്തിലേക്കു നയിച്ചെന്നും മോദി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കുന്നത് ഇലക്ഷന് സമയത്തു മാത്രം. വോട്ടുകള്‍ നേടിയശേഷം അവര്‍ പാവങ്ങളെ മറക്കുന്നു. കോണ്‍ഗ്രസുകാര്‍ക്ക് ദാരിദ്ര്യം എന്തെന്നറിയില്ല. പട്ടിണിയെന്തെന്ന് എനിക്കറിയാം. കാരണം ഞാനതു നേരില്‍ക്കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്, മോദി പറഞ്ഞു.
ചായക്കച്ചവടക്കാരനായ മോദിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. അവരുടെ ദരിദ്ര വിരുദ്ധ മനോഭാവം അതിലൂടെ തെളിയുകയാണ്. ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ ചായക്കച്ചവടക്കാരന് മാത്രമല്ല ചെരുപ്പുകുത്തിക്കും കൂലിവേലക്കാരനുമെല്ലാം പ്രധാനമന്ത്രിയാകാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
2014 ലോക്സഭാ ഇലക്ഷന് രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള യുദ്ധമല്ല. വ്യക്തികള്‍ തമ്മിലുള്ളതുമല്ല. ഇന്ത്യയിലെ ജനങ്ങള്‍ നയിക്കുന്ന പോരാട്ടമാവുമത്. ഓരോ പൗരനും അതില്‍ പങ്കാളികളാവും. മുമ്പൊന്നും തെരഞ്ഞെടുപ്പിന് ഇത്തരമൊരു സ്ഥിതി സംജാതമായിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ വിജയം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അതിനിര്‍ണായകമെന്നാണ് രാഷ്ട്രീയക്കാരുടെ പക്ഷം. അതു യുപിയെ അപമാനിക്കുന്നതിനു തുല്യമാണ്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സംഭാവന നല്‍കുന്നതിനെ അടിസ്ഥാനമാക്കിയല്ല വികസനത്തെ ആധാരമാക്കിവേണം യുപിയുടെ പ്രധാന്യത്തെ വിലയിരുത്തേണ്ടത്. ഗംഗാ നദി ജലാശയല്ല അമ്മയാണ്. ഗംഗയെ ശുദ്ധീകരിക്കണം. സദ്ഭരണത്തിലൂടെ രാമരാജ്യം സൃഷ്ടിക്കുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ, പുണ്യസ്ഥാനമായ വാരാണാസിയിലെ ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: