ഇസ്ലാമാബാദ്: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കക്കെതിരേ ഉയര്‍ന്ന പ്രതിഷേധത്തില്‍ നിന്ന് പാക്കിസ്ഥാന് പാഠം പഠിക്കണമെന്ന് പാക് പത്രം. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും ന്യൂസ് ഇന്റര്‍നാഷണല്‍ പത്രം പറയുന്നു. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ഇന്ത്യ ശക്തമായി പ്രതികരിച്ചു. എന്നാല്‍ തങ്ങളുടെ പൗരന്മാര് മറ്റു രാജ്യങ്ങളില്‍ അപമാനിക്കപ്പെട്ടാല്‍ എന്തു നിലപാടാണ് പാക്കിസ്ഥാന് സ്വീകരിക്കുക. ഇന്ത്യയുടെ നിലപാടില്‍ നിന്ന് പാക്കിസ്ഥാന് പാഠം പഠിക്കാന്‍ തയാറാകണമെന്നും പത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. നയതന്ത്രകാര്യ ലേഖകന്‍ മരിയാന ബാബര്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പ്രതികരണത്തെ പാകിസ്ഥാനിലെ ജനങ്ങള്‍ അസൂയയോടെയാണ് വീക്ഷിക്കുന്നതെന്നും പത്രം പറയുന്നു. അഭിമാനമുള്ള ഒരു രാജ്യം എപ്രകാരം പ്രതികരിക്കും എന്നതിന് തെളിവാണ് ഇന്ത്യയുടെ നടപടി. റാവല്‍പിണ്ടിയും ഇസ്ലാമാബാദും ഇന്ത്യയുടെ ഈ സമീപനത്തില്‍ നിന്നും ഇനിയെങ്കിലും പാഠമുള്‍ക്കൊള്ളുമോ എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: