ന്യൂദല്‍ഹി: നയതന്ത്ര രംഗത്തെ വിവാദം നയവും നിയമവും ലംഘിച്ചു തമ്മില്‍ ഏറ്റുമുട്ടുകയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രാഗഡയുടെ കാര്യത്തില്‍. വിസയില്‍ കൃത്രിമം കാണിച്ച ദേവയാനിക്ക് വിയന്നാ കണ്വന്ഷന് പ്രകാരമുള്ള കോണ്‍സുലാര്‍ ബന്ധത്തിന്റെ സംരക്ഷണം (വിസിസിആര്‍) കിട്ടില്ലെന്നാണ് യുഎസ് അധികൃതരുടെ പക്ഷം. എന്നാല്‍, ഈ വാദങ്ങള്‍ വെറും പുകമറ സൃഷ്ടിക്കലാണെന്നും സംരക്ഷണമല്ല, വിയന്ന കണ്വന്ഷന് കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതാണ് അടിസ്ഥാന പ്രശ്നമെന്നും ഇന്ത്യന്‍ അധികൃതര്‍ എതിര്‍വാദം പറയുന്നു.
വിസിസിആര്‍ അനുഛേദം 41-ലെ മൂന്നാം വകുപ്പനുസരിച്ച് കോണ്‍സുലേറ്റിലെ ഒരുദ്യോഗസ്ഥനെതിരെ എന്തു നടപടി കൈക്കൊണ്ടാലും അത് അവരുടെ ഔദ്യോഗിക സ്ഥാനത്തെ ബഹുമാനിച്ചുകൊണ്ടായിരിക്കണം എന്നു പറയുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വ്യവസ്ഥയുടെ എല്ലാ തരത്തിലുമുള്ള ലംഘനമാണ് ദേവയാനിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഒരു സൗഹൃദ രാജ്യത്തു നിന്നു തീരെ പ്രതീക്ഷിക്കാനാവാത്തതാണ് ഇതെന്ന് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ തുറന്നുകാണിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. 39കാരിയായ ദേവയാനിയെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ പരിസരത്തുനിന്നു പരസ്യമായി പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇത് അപമാനിക്കലായെന്നാണ് വിമര്‍ശിക്കപ്പെടുന്നത്.
വിസിസിആര്‍ കരാര്‍ പ്രകാരം ഏതെങ്കിലും നയതന്ത്ര ആസ്ഥാന ജീവനക്കാരെ അറസ്റ്റുചെയ്യണമെങ്കില്‍ അത്രമാത്രം ഗുരുതരമായ കുറ്റകൃത്യം ചെയ്തിരിക്കണം. മാത്രമല്ല, അതിനുതക്ക അധികാരമുള്ള നീതിന്യായ സ്ഥാപനത്തിന്റെ തീരുമാനവും ഉണ്ടാവണം.
ഇനി ഇന്ത്യന്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നത് സുപ്രധാന വിഷയമാണ്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥയായ നീനാ മല്‍ഹോത്രക്കെതിരേ അപമാനകരമായ നടപടി യുഎസ് അധികൃതരില്‍ നിന്നുണ്ടായപ്പോള്‍ ഇന്ത്യ കേസില്‍ കക്ഷി ചേരുകയാണുണ്ടായത്. വാസ്തവത്തില്‍ ദേവയാനി വീട്ടുജോലിക്കാരിയായ സംഗീതാ റിച്ചാര്‍ഡിനു കൊടുക്കുന്ന വേതനം ഇന്ത്യാ സര്‍ക്കാര്‍ പിന്നീട് ദേവയാനിക്കു കൊടുക്കുന്നതാണ്. എന്നാല്‍ ഇന്ത്യാ-യുഎസ് ബന്ധങ്ങളെ ഈ സംഭവം ഒട്ടും ബാധിക്കില്ലെന്ന വിശ്വാസമാണ് യുഎസ് അധികൃതര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: