തിരുവനന്തപുരം : സംസ്ഥാനത്ത് ഒഴിവുള്ള തസ്തികകളില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താതെ ലിസ്റ്റുകളെ അട്ടിമറിച്ചുകൊണ്ട് ലക്ഷങ്ങള്‍ കോഴവാങ്ങി പിന്‍വാതില്‍നിയമനം നടത്തുന്ന പിഎസ്സിയുടെ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ആവശ്യപ്പെട്ട് പൊതു നിയമനങ്ങളിലെ അഴിമതി അവസാനിപ്പിക്കണമെന്നും, നിയമനനിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു യുവമോര്‍ച്ച പിഎസ്സി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീര്‍. 60000ത്തില്‍പ്പരം ഒഴിവുകള്‍ ഇന്ന് നിലവിലുണ്ട്, ആറുലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ വിവിധ റാങ്ക് പട്ടികകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്കാന് സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം.
പിഎസ്സിയും സ്വകാര്യ കോച്ചിംഗ് സെന്ററുകളും തമ്മിലുള്ള ഒത്തുകളി വിജിലന്‍സ് അന്വേഷിക്കണം, പിഎസ്സി പരീക്ഷകള്‍ നടത്തുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയല്ല സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ക്ക് വേണ്ടിയാണ്. പിഎസ്സി യോഗത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് ഈ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളാണ്. എല്‍ഡിസി ലിസ്റ്റിലും, എല്‍ജിഎസ് ലിസ്റ്റിലും തൊണ്ണൂറായിരത്തില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിയമനം കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് നിയമനം നല്‍കാതെ വീണ്ടും പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുമായുള്ള ഒത്തുകളിയാണ്. പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് മൂന്ന് വര്‍ഷമായി പരീക്ഷ നടത്താത്ത 1614 തസ്തികകളും നിലനില്ക്കുന്നു. പരീക്ഷ നടത്തിയിട്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത 573 തസ്തികകള്‍ ഉണ്ട്. പിഎസ്സി അതിന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനത്തില്‍ അഡ്വൈസ് മെമ്മോ അയച്ച 9300 പേര്‍ക്കും ഉടന്‍ നിയമനം നല്‍കണം.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി. രതീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനുമോന്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ്, സംസ്ഥാന സെക്രട്ടറി എസ്. സജി കരവാളൂര്‍, സംസ്ഥാന സമിതി അംഗങ്ങളായ എസ്. നിഷാന്ത്, മാണിവാരി രതീഷ്, ആര്.എസ്. സമ്പത്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജാജി നഗര്‍ മഹേഷ് എന്നിവര്‍ സംസാരിച്ചു.
കേശവദാസപുരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ നേതാക്കളായ അരുണ്‍രാജ് ജെ.ആര്, ജി. സജീവ്, എന്‍.എസ്. ഗോപീകൃഷ്ണന്, പൂങ്കുളം സതീഷ് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി വാവ, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ചെമ്പഴന്തി ഉദയന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്, ശിവശങ്കരന് എന്നിവര്‍ പങ്കെടുത്തു. പ്രകടനത്തിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും മറ്റ് പ്രകോപനങ്ങളൊന്നുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: