ഷൊര്‍ണൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വീണ്ടും ഭിക്ഷാടനമാഫിയ രംഗത്ത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ പ്രഖ്യാപിച്ച നടപടി ഹൈക്കോടതി ശരിവെച്ചപ്പോള്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകനും തൃശൂരിലെ എരുമപ്പെട്ടി സ്വദേശിയും ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ ബി.എ.ആളൂര്‍ പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസ് വാദിക്കുന്നതിന് നേരത്തെ ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും അവിടെ കേസ് വിജയിക്കാനായില്ലെങ്കിലും പിന്നീട് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെയും ബി.എ.ആളൂരിന്റെ നേതൃത്വത്തില്‍ ഒരു സംഘമാണ് കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിക്കുവേണ്ടി രംഗത്തെത്തിയിരുന്നത്. ഇവര്‍ക്കെല്ലാം തന്നെ മുംബൈ കേന്ദ്രമായുള്ള ഭിക്ഷാടനമാഫിയ വന്‍ തുക നല്‍കിയെന്നാണ് അറിയുന്നത്. കേസിന്റെ തുടക്കത്തില്‍ താന്‍ സൗജന്യമായാണ് വാദിക്കുന്നതെന്നായിരുന്നു ബി.എ.ആളൂര്‍ പറഞ്ഞിരുന്നത്. മുംബൈയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്ന ഇയാള്‍ ഓരോ വാദത്തിനും വിമാനത്തിലാണ് എത്തിയിരുന്നത്. ഇതിനെല്ലാം പണം എവിടെനിന്ന് എന്നത് സംബന്ധിച്ച് ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിച്ചെടുക്കുന്നതിന് വേണ്ടി ഭാരതമൊട്ടുക്കുതന്നെയുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നതിലൂടെ തെളിഞ്ഞിരിക്കുന്നത്. പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയെ വിചാരണവേളയില്‍ മോശമായി ചിത്രീകരിച്ച ആളൂരിനെ ഹൈക്കോടതി തന്നെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വിചാരണക്കിടയിലും ഇയാള്‍ക്കെതിരെ ജഡ്ജിയുടെ കടുത്തവിമര്‍ശനം ഉണ്ടായി. സര്‍ക്കാര്‍ സര്‍വീസിലുള്ള ചിലരെ തന്റെ ഭാഗത്തേക്ക് കൊണ്ടുവന്ന് കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഉന്മേഷ് എന്ന ഡോക്ടറെ വലവീശിപ്പിടിച്ചാണ് കേസ് അട്ടിമറിക്കാന്‍ ആളൂര്‍ ശ്രമിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന ഇയാളുടെ പ്രസ്താവന പുറത്തുവന്നതോടെ അഭിഭാഷകനേയും തൂക്കിലേറ്റണമെന്ന പോസ്റ്ററുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരക്കാരെ കോടതികളില്‍ കയറ്റരുതെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ മുംബൈയിലെ കൊടുംകുറ്റവാളികള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ വാങ്ങി കേസ് വാദിക്കുന്ന കുപ്രസിദ്ധിയാണ് ബി.എ.ആളൂരിനുള്ളത്. കേസിന്റെ വിധി കേട്ട സൗമ്യയുടെ അമ്മ ഷൊര്‍ണൂര്‍ സ്വദേശിനി സുമതി സന്തോഷം പ്രകടിപ്പിച്ചെങ്കിലും ഇപ്പോഴും തന്റെ മകളുടെ വിയോഗത്തില്‍ ആ മനസ്സ് ഇടറുകയാണ്. മുറിക്കുള്ളിലെ അലമാരയില്‍ ദിവസവും ഛായാചിത്രത്തിനുമുന്നില്‍ വിളക്കുവെച്ച് മകളുടെ ഓര്‍മ്മകളുമായി കഴിഞ്ഞുകൂടുകയാണ് ആ അമ്മ. വധശിക്ഷ ശരിവെച്ചതറിഞ്ഞതോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് മിഠായിവിതരണം നടത്തി.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: