കോഴിക്കോട്: നിരവധി ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ച തപാല്‍വകുപ്പിലെ ജിഡിഎസ് വിഷയം ഇനി നിയമയുദ്ധത്തിലേക്ക്. ഇതു സംബന്ധിച്ച് ജീവനക്കാരുടെ ദേശീയ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചതാണ് വഴിത്തിരിവാകുന്നത്.
രാജ്യത്തെ തപാല്‍വകുപ്പിലെ മൂന്ന് ലക്ഷത്തോളമുള്ള ഗ്രാമീണ്‍ ഡാക്സേവകരെ(ജിഡിഎസ്) സ്ഥിരപ്പെടുത്തണമെന്ന ആവശ്യമാണ് സുപ്രീംകോടതിയിലെത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി കേസ് ഡല്‍ഹി ഹൈക്കോടതിക്ക് വിട്ടു. സമാന ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസ് ആര്.എം. ലോഥ, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഓള് ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന് ജിഡിഎസ്, നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് എന്നീ സംഘടനകളാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
തപാല്‍ മേഖലയില്‍ കഴിഞ്ഞ 35 വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ് ജിഡിഎസിനെ സ്ഥിരപ്പെടുത്തണമെന്നുള്ളത്. ഈ ആവശ്യം ഉന്നയിച്ച് അഖിലേന്ത്യാ പണിമുടക്ക് നാല് തവണയെങ്കിലും നടത്തി. 1996ല്‍ നടന്ന ദേശീയ തപാല്‍ പണിമുടക്ക് 14 ദിവസമാണ് നീണ്ടുനിന്നത്. ആ വര്‍ഷം മുതല്‍ സംഘടനകള്‍ തുടര്‍ച്ചയായി സമരരംഗത്തുമാണ്. എന്നാല്‍ ആവശ്യത്തെ കേന്ദ്രസര്‍ക്കാരും പോസ്റ്റല്‍ ഡയറക്ടറേറ്റും പാടെ അവഗണിക്കുകയായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തപാല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംവിധാനമാണ് ജിഡിഎസ് (പഴയ എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റ്-ഇഡി). പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍ തപാലാപ്പീസുകളുടെ നട്ടെല്ലായ ജിഡിഎസിന് ന്യായമായ വേതനമോ ആനുകൂല്യങ്ങളോ ഒന്നും നല്‍കുന്നില്ല. 15 മുതല്‍ 30 വര്‍ഷം വരെ സര്‍വീസുള്ള ജിഡിഎസിന് പ്രതിമാസ വേതനം 5000 മുതല്‍ 7000 രൂപ വരെയാണ്. അതേസമയം ഇതേ തൊഴിലെടുക്കുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 25000ന് മുകളിലാണ് ശമ്പളം. തുഛവേതനത്തില് എല്ലുമുറിയെ പണിയെടുപ്പിക്കുന്ന ഇഡി സമ്പ്രദായം അടിമത്തത്തിന് തുല്യമാണെന്ന് ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. തപാല്‍ മേഖലയെകുറിച്ച് പഠിക്കാന്‍ 1996ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് തരണ്‍ജിത് തല്‍വാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലും ഇഡിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തള്ളി.
രാജ്യത്തെ ഒന്നേകാല്‍ ലക്ഷം തപാല്‍ ഓഫീസുകളിലായി 2.6 ലക്ഷം ജിഡിഎസ് ആണ് ഇപ്പോഴുള്ളത്. രണ്ടര ലക്ഷത്തോളമാണ് സ്ഥിരം ജീവനക്കാര്‍.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: