അഞ്ചല്‍: ജനസമ്പര്ക്കത്തിനെത്തിയ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്ത നിരാശയില്‍ ഗൃഹനാഥന് വീട്ടിനടുത്തെ റബ്ബര്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചു. അഞ്ചല്‍ തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനാ(46)ണ് മക്കള്‍ക്കു ചികിത്സാസഹായം ലഭിക്കാത്ത നിരാശയില്‍ തൂങ്ങിമരിച്ചത്.
കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന് കഴിയാത്ത മക്കളുടെ പ്രാഥമികകൃത്യങ്ങള്‍ മുതല്‍ മേറ്റ്ല്ലാ കാര്യങ്ങളും നോക്കിയിരുന്ന സുശീലന്റെ അകാലവേര്‍പാട് ഭാര്യ ശ്രീദേവിയെ കണ്ണീരിലാഴ്ത്തി.
മൂത്ത മകനായ അതുലിനും ഇളയകുട്ടി അഖിലിനും എട്ടുവയസുള്ളപ്പോഴാണ് അപൂര്‍വരോഗം പിടിപെട്ടത്. അരയ്ക്കുതാഴെ ബലമില്ലാതാവുകയും ക്രമേണ പൂര്‍ണമായി തളരുകയും ചെയ്തു. തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന് കഴിയാതായ മക്കളെ വിശ്രമമില്ലാതെ ശുശ്രൂഷിച്ചിരുന്നത് സുശീലനാണ്. ഭാര്യ കശുവണ്ടി ഫാക്ടറിയില്‍ പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഭാര്യക്കു ജോലിയില്ലാത്തപ്പോള്‍ സുശീലനും കൂലിപ്പണിക്കുപോയിരുന്നു. സ്കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ സി.ആര്.സിയില്‍ നിന്നും അധ്യാപകര്‍ വീട്ടിലെത്തിയാണ് ഇവരെ പഠിപ്പിച്ചിരുന്നത്. കുട്ടികള്‍ പഠിക്കാന്‍ മിടുക്കരായിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തു അതുല്‍ പ്ലസ് വണ്‍ വരെയെത്തി. അഖില്‍ ആറാം ക്ലാസിലും. മക്കളുടെ ചികിത്സക്കായി ഒരുപാട് പണം ചെലവഴിച്ചു. അവസാനം കടബാധ്യതയുമായി. വൈകിയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ചു അറിയുന്നത്.
നേരത്തെ അപേക്ഷ നല്കിയവര്ക്കുപുറമേ പുതുതായി എത്തുന്നവര്‍ക്കും അപേക്ഷ നല്കാമെന്നറിഞ്ഞതിനെത്തുടര്ന്നു ജനസമ്പര്‍ക്ക പരിപാടി നടന്ന 12ന് രാവിലെ തന്നെ രണ്ടുമക്കളുമായി അഞ്ചലില്‍ നിന്നും കൊല്ലത്തെത്തി. വന്‍ ജനക്കൂട്ടത്തിനിടയില്‍ അര്‍ധരാത്രിവരെ ഇരുന്നിട്ടും മുഖ്യമന്ത്രിയെകണ്ടു അപേക്ഷ നല്കാന് സുശീലന് കഴിഞ്ഞില്ല. പലരോടും കേണു പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. ഒടുവില്‍ മനസില്ലാമനസോടെ അപേക്ഷ ആരെയോ ഏല്‍പ്പിച്ചു സുശീലനും മക്കളും അവശരായി മടങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ ഭാര്യയോടു പ്രകടിപ്പിച്ചശേഷം സന്ധ്യയോടെ പുറത്തേക്കിറങ്ങിയ സുശീലനെ പിന്നീട് റബ്ബര്‍തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: