കാലടി : ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം 18 മുതല്‍ 29 വരെ ആഘോഷിക്കുന്നു.
ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ ആഭിമുഖമായി വാണരുളുന്ന ഈ ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള് മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുകയുള്ളൂ എന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. കേരളത്തില്‍നിന്നും മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ദര്‍ശനത്തിനായി എത്തിച്ചേരുന്നത്. നടതുറപ്പ് വേളയില്‍ ശ്രീമഹാദേവനേയും ശ്രീപാര്‍വ്വതീ ദേവിയെയും ദര്‍ശനം നടത്തുന്ന ഭക്ത ജനങ്ങള്‍ക്ക് മംഗല്യഭാഗ്യവും ദീര്‍ഘമംഗല്യ സൗഭാഗ്യവും ഇഷ്ടസന്താനലബ്ധിയും അഭീഷ്ടവരസിദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസവും അനുഭവവും. ദര്‍ശനം നടത്തുന്നവരില്‍ ഏറിയപങ്കും സ്ത്രീകളായതിനാല്‍ ഈ ക്ഷേത്രം മംഗല്യവരദായിനി ക്ഷേത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
നടതുറപ്പു മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഡിസംബര്‍ 18ന് വൈകിട്ട് 4 മണിക്ക് ശ്രീമഹാദേവനും ശ്രീ പാര്‍വ്വതീദേവിയ്ക്കും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍നിന്നും ആരംഭിക്കും. മനയിലെ വിളക്കില്‍ നിന്നും ദീപം പകര്‍ന്നശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കകിരീടം, തിരുമുഖം എന്നിവ ഉള്‍പ്പെടെയുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്നുള്ള ആചാരങ്ങള്‍ക്കുശേഷം താലം, പൂക്കാവടി, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്രത്തിലെത്തിയശേഷം ആചാരപരമായ രീതിയില്‍ നടതുറപ്പു ചടങ്ങുകള്‍ക്കുശേഷം രാത്രി 8 മണിക്ക് ശ്രീപാര്‍വ്വതീദേവിയുടെ നടതുറക്കും.
പ്രസിഡന്റ് ആര്. ശരത്് ചന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് കെ.എ.പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.വി. വിനോദ്, ജോയിന്റ് സെക്രട്ടറി പി. നാരായണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: