സി.എന്‍.കരുണാകരന് ചിത്രകലയിലെ പുതുതലമുറയ്ക്ക് എന്നും പ്രചോദനമായിരുന്നു. ചിത്രം വരച്ചും അത് വിറ്റും മാത്രം ജീവിച്ചുപോന്ന യഥാര്‍ത്ഥ കലാകാരനായിരുന്നു സി.എന്‍.കരുണാകരന്. ചിത്രകലയിലെ ഡിസൈന്‍ സങ്കേതമാണ് സി.എന്‍. അക്കാദമികമായി പഠിച്ചത്.
ഈ രംഗത്ത് റാങ്കോടെയാണ് അദ്ദേഹം ഡിപ്ലോമ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ സി.എന്‍.കരുണാകരന്റെ ചിത്രത്തില്‍ വര്ണ്ണസന്തുലനം ശ്രദ്ധേയമായി അനുഭവപ്പെടും. വര്‍ണ്ണങ്ങളെ ഏറ്റവും മികച്ച രീതിയില്‍ പ്ലേസ് ചെയ്യാന്‍ കഴിഞ്ഞ ഇന്ത്യന്‍ ചിത്രകാരന് സി.എന്‍.കരുണാകരനാണെന്നാണ് എനിക്ക് തോന്നുന്നത്.
ആധുനിക തലമുറയിലെ ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പഠനവിധേയമാക്കാവുന്നതാണ് അദ്ദേഹത്തിന്റെ ഈ വര്‍ണ്ണ സന്തുലനം.
കെ.സി.എസ്.പണിക്കരുടെ ശിഷ്യനായിരുന്നുവെങ്കിലും ആദ്യകാല ചിത്രങ്ങളില്‍ മാത്രമാണ് സി.എന്‍.കരുണാകരനെ കെ.സി.എസ് സ്വാധീനിച്ചിരുന്നത്. പിന്നീട് സ്വന്തമായ വഴി കണ്ടെത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മ്യൂറല്‍ പെയിന്റിംഗിന്റെ സ്വാധീനം സി.എന്‍. ചിത്രങ്ങളില്‍ പ്രകടമാണ്.
രൂപങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവ. ജീവിതത്തിലെ പ്രതിസന്ധി മുഹൂര്ത്തങ്ങളില്പ്പോലും ചിത്രകലയായിരുന്നു അദ്ദേഹത്തിന് കൂട്ട്. മറ്റ് ചിത്രകാരന്മാരെപ്പോലെ അധികവരുമാനത്തിനായി മറ്റ് മേഖലകളൊന്നും തേടിപ്പോകാന്‍ സി.എന്‍ തയ്യാറായിരുന്നില്ല. ചിത്രകലയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം.
പി.വി.നന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: