പാലക്കാട്: ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പാലക്കാട് വെട്ടേറ്റ് മരിച്ച കൊലക്കേസ് പ്രതി പ്രകാശന് മദ്യപിച്ചിരുന്നതായി രാസപരിശോധനാ റിപ്പോര്‍ട്ട്. കുഴല്‍മന്ദം ശിവദാസന്‍ കൊലക്കേസിലെ പ്രതി പ്രകാശന്റെ രക്തത്തിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്.
എറണാകുളം റീജ്യണല്‍ പരിശോധനാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പാലക്കാട് സൗത്ത് സി.ഐയ്ക്ക് കൈമാറി. ടി.പി വധക്കേസിലെ പ്രതികള്‍ ഫോണും സോഷ്യല്‍നെറ്റ് വര്‍ക്കും ഉള്‍പ്പടെയുള്ളവ ജയിലില്‍ ഉപയോഗിച്ചുവെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മീഥൈല്‍ ആള്‍ക്കഹോളിന്റെ അംശമാണ് പ്രകാശന്റെ രക്തത്തില്‍ ഉണ്ടായിരുന്നതെന്നാണ് പരിശോധനാ ഫലം. കഴിഞ്ഞ മാസം പതിനെട്ടിന് പാലക്കാട് സബ് ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് അക്രമികള്‍ പ്രകാശനെ വെട്ടിക്കൊലപ്പെടുത്തിയത്.
കുഴല്‍മന്ദം സ്വദേശിയായ ശിവദാസനെ പണമിടപാടുമായി ബന്ധപ്പെട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു മാസമായി ജയിലിലായിരുന്നു പ്രകാശന്. ജയിലില്‍ കഴിയവേ എങ്ങനെ പ്രകാശന് മദ്യം ലഭിച്ചുവെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂരിലായിരുന്നു പ്രകാശന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: