രാജ്യത്തെ ഗ്രാമീണ തൊഴില്‍ മേഖലകളിലുള്ള സ്ത്രീകളുടെ എണ്ണത്തില്‍ വലിയതോതില്‍ ഇടിവുണ്ടായതായി അടുത്തിടെ ഒരു സര്‍വ്വെഫലം വെളിപ്പെടുത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിജയകരമാണെന്ന് വാദിക്കുമ്പോഴാണ് നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്ഗനൈസേഷന് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ തൊഴില്‍ മേഖലകളില്‍ നിന്നും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നു എന്നാണ് സര്‍വ്വെ യുടെ കണ്ടെത്തല്‍.
നൂതന സാങ്കേതിക വിദ്യയുടേയും യന്ത്രവല്‍കൃത ലോകത്തിന്റേയും കടന്നുവരവ് തൊഴില്മേഖകളില് നിന്നും മാറിനില്ക്കാന് സ്ത്രീകളെ പ്രേരിപ്പിക്കുന്നതായി സര്‍വ്വെ അനുമാനിക്കുന്നു. പുരുഷന്മാര് ആവശ്യത്തിന് സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ എന്തിന് ജോലിക്കുപോകണം എന്ന ചിന്താഗതിയും ഇതിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലിടങ്ങളില്‍പ്പോലും പുരുഷനൊപ്പം തുല്യ പരിഗണന വേണമെന്ന് വാദിച്ച സ്ത്രീകള്‍ തന്നെയാണ് പരാതിയൊന്നുമില്ലാതെ ഇപ്പോള്‍ കുടുംബിനികളായി കഴിയുന്നത്. രാജ്യത്തെ നിര്‍ണ്ണായക മേഖലകളില്‍ പോലും വനിതകള്‍ ശോഭിക്കുന്നുണ്ടെന്നു പറയുമ്പോഴും എന്തുകൊണ്ടാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതാകുന്നത് എന്തുകൊണ്ടാണ്. പുരുഷനൊപ്പം അല്ലെങ്കിലും അവര്‍ അനുഭവക്കേണ്ട അവകാശങ്ങള്‍പോലും തിരസ്ക്കരിക്കപ്പെടുകയാണ് പലപ്പോഴും.
തൊഴിലിടങ്ങളില്‍ മാത്രമല്ല, രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക മേഖലകളിലെ സ്ത്രീകളുടെ അവസ്ഥയും ദയനീയമാണ്. കഴിവും ലക്ഷ്യപ്രാപ്തിയും ഉണ്ടായിട്ടും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനങ്ങളില്‍ പോലുമുണ്ട് ഈ നിഷേധം. വിവേചനത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും ലോകമായി രാഷ്ട്രീയ സംവിധാനം മാറിക്കഴിഞ്ഞു.
നമ്മുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ മാമൂലുകള്‍ തകര്‍ത്തെറിഞ്ഞ് രംഗത്തെത്തിയ എത്രയോ വനിതകളുണ്ട്. ലോകത്തിലെ ഇന്നു ജീവിച്ചിരിക്കുന്ന ശക്തരായ പത്ത് വനിതകളെ തെരഞ്ഞെടുത്താല്‍ അതിലുണ്ടാകും നമ്മുടെ വനിതകളും. 15 വര്‍ഷക്കാലം ദല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മായാവതി, യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി, ലോക്സഭാപ്രതിപക്ഷ നേതാവ് സുഷ്മാ സ്വരാജ്, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, ഇന്നലെ വീണ്ടും രാജസ്ഥാന് മുഖ്യമന്ത്രിയായി ചുമതലയേറ്റ വസുന്ധരാരാജെ സിന്ധ്യ. ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള വനിതാ നേതാക്കള്‍. തികഞ്ഞ അധ്വാനത്തിലൂടെയായണ് ഇവര്‍ രാഷ്ട്രീയത്തില്‍ ശോഭിച്ചത്. രാഷ്ട്രീയ അവകാശങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നവര്‍, എന്നാല്‍ ഈ അവകാശങ്ങള്‍ ഇവരില്‍മാത്രം ഒതുങ്ങേണ്ടതാണോ? ദേശീയ രാഷ്ട്രീയം ഈ പത്ത് വനിതകളിലൂടെ ശ്രദ്ധിക്കപ്പെടുമ്പോള്‍ ബാക്കിവരുന്ന സ്ത്രീകള്‍ക്ക് അര്‍ഹമായ രാഷ്ട്രീയ അവകാശം നിഷേധിക്കപ്പെടുകയല്ലെ. ഇന്ത്യന്‍ ജനാധിപത്യം പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തുല്യമായ രാഷ്ട്രീയാവകാശം വനിതകള്‍ക്ക് ഇതുവരെ പ്രാപ്തമായിട്ടില്ലെന്നുവേണം കരുതാന്‍. പുരുഷ നിയന്ത്രിതരാഷ്ട്രീയത്തില് സ്ത്രീകള്‍ തളച്ചിടപ്പെടുകയാണ്. വനിതാ രാഷ്ട്രീയത്തിന് ഇന്നുവരെ ജനാധിപത്യത്തില്‍ അര്‍ഹിക്കുന്ന പരിഗണ ലഭിച്ചിട്ടില്ല. രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്.
കഴിഞ്ഞമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങിളും പുരുഷന്മാര് അവരുടെ സാന്നിധ്യം പുനസ്ഥാപിച്ച കാഴ്ചയാണ് കണ്ടത്. 70 അംഗങ്ങളുള്ള ദല്‍ഹി നിയമസഭയില്‍ 69 വനിതകള്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് മൂന്ന് പേര് മാത്രം. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഛത്തീസ്ഗഢിലേയും സ്ഥിതി വ്യത്യസ്തമല്ല. 100 പേര് മത്സരിച്ച മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 25 വനിതകളാണ്. രാജസ്ഥാനിലും, ഛത്തീസ്ഗഢിലും ഏഴ് പേരും വിജയിച്ചു. വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ജയലളിതാ സര്‍ക്കാരില്‍ 18 വനിതാ അംഗങ്ങളേയുള്ളൂ. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 22 വനിതകളുണ്ടായിരുന്നു.
അവസരങ്ങള്‍ ലഭിച്ചിട്ടും സ്ത്രീകള്‍ക്ക് എന്തുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ രംഗത്ത് അതിജീവിക്കാന്‍ ആവശ്യമായ ആള്‍ബലവും അംഗബലവും ലഭിച്ചിട്ടും സ്ത്രീകള്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്. ദല്‍ഹി സര്‍ക്കാരിനെതിരെ പല ആരോപണങ്ങളുണ്ടായിരുന്നിട്ടും ഷീലാദീക്ഷിതിനെ പ്രശംസിക്കാന്‍ ഏറെ ആളുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിലെ പല അംഗങ്ങള്ക്കുമെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തന്നെയാണ് ഷീലാ ദീക്ഷിതിന്റെ കനത്ത തോല്‍വിക്ക് വിനയായത്. കഴിവും ലക്ഷ്യപ്രാപ്തിയുമുള്ള വനിതാ സ്ഥാനാര്‍ത്ഥികള്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നില്ല. രാജസ്ഥാനില്‍ വസുന്ധരാരാജെ സിന്ധ്യ തരംഗമായത് അവരുടെ വ്യക്തിപ്രഭാവം കൊണ്ടാണ്. പിന്തുണക്കാന്‍ ലക്ഷക്കണക്കിന് അനുയായികളും ഉണ്ടായിരുന്നു. പാരമ്പര്യ രാഷ്ട്രീയത്തില്‍ നിന്നും രംഗത്തെത്തിയ സോണിയാഗാന്ധിയും, പാര്‍ട്ടി പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കൊടിയുടെ നിറം നോക്കി വോട്ടുചെയ്യുന്നവര്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍ക്കുന്നില്ല.
ദുര്‍ബലമായ മണ്ഡലങ്ങളില്‍ വനിതകളെ നിര്‍ത്തുന്നത് പരാജയത്തിന് ഒരു പരിധിവരെ കാരണമാകുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പല മണ്ഡലങ്ങളിലും സ്ത്രീകള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് അവരുടെ മാത്രം കുറ്റംകൊണ്ടല്ല. നമ്മുടെ കേരളത്തില്‍നിന്ന് അത്തരം പരാതികള്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ വനിതാ നേതാക്കള്‍തന്നെ ഉയര്‍ത്തിയിട്ടുണ്ടല്ലോ.
സ്ത്രീകളെ ഡമ്മി സ്ഥാനാര്‍ത്ഥികളായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. അര്‍ഹിക്കുന്ന രാഷ്ട്രീയ അവകാശം വേണ്ട രീതിയില്‍ ലഭിക്കാതെ വരുമ്പോഴാണ് രാഷ്ട്രീയത്തില്‍ നിന്നുപോലും സ്ത്രീകള്‍ അകന്നുമാറുന്നത്. കരുത്തുറ്റ വ്യക്തിപ്രഭാവമുള്ള വനിതകള്‍ ഉണ്ടായിട്ടും നമ്മുടെ സ്ത്രീകള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എന്തുകൊണ്ട് വരുന്നില്ല. സ്ത്രീസമൂഹത്തെ മുന്നില്‍നിന്ന് നയിക്കേണ്ടവര്പോലും അതിന് മുന്നിട്ടിറങ്ങുന്നില്ല. പുരുഷനൊപ്പം ലഭിക്കേണ്ട രാഷ്ട്രീയ അവകാശങ്ങളും, പരിഗണനയും എല്ലാ സ്ത്രീകള്‍ക്കും തുല്യമായി ലഭിക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രമം ആരംഭിക്കണം. പഞ്ചായത്തു തലങ്ങളിലും, നഗരസഭകളിലും മത്സരിച്ച് ജയിക്കുന്നവര്‍ എന്തുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലെത്തുമ്പോള്‍ പരാജയപ്പെടുന്നു. രാഷ്ട്രീയപരമായ വിവേചനം സ്ത്രീകളും അനുഭവിക്കുന്നുവെന്നതാകാം അതിന് കാരണം.
പുരുഷമേധാവിത്വമുള്ള ഒരു രാഷ്ട്രീയ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പിടിച്ചു നില്ക്കാന് പരിമിതികള്‍ ഏറെയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അടിസ്ഥാനപരമായി സ്ത്രീകള്‍ ജീവിക്കുന്ന അന്തരീക്ഷം പുരുഷമേധാവിത്വം കൂടുതലുള്ളതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും ബുദ്ധിമുട്ടുകളേറെയുണ്ട്. 33 ശതമാനം സംവരണം വേണമെന്ന് വാദിക്കുന്നവര്‍ ഏറെയുണ്ട്. അതു സംബന്ധിച്ച ശാസ്ത്രവും തത്വവും എല്ലാം വളരെ നല്ലതാണുതാനും. എന്നിട്ടും പുതിയ ലോക്പാല്‍ ബില്ലിനു മുമ്പ് അവതരിപ്പിക്കപ്പെട്ട വനിതാ സംവരണ ബില്‍ ഇനിയും പാസായിട്ടില്ല. അതെ അതു സത്യമാണ്, ഏട്ടിലെ പശു പുല്ലുതിന്നില്ല….
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: