മരട്: നിയമം ലംഘിച്ച് നിരത്തില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍. പേട്ട- കുണ്ടന്നൂര്‍ റോഡ്, നെട്ടൂര്‍ പ്രദേശങ്ങളിലാണ് നിയമലംഘനം നടത്തിക്കൊണ്ട് മണ്ണും, കല്ലും കയറ്റിയ ചെറുതും വലുതുമായ നൂറുകണക്കിന് ടിപ്പറുകള്‍ നിരത്തുകള്‍ അടക്കി വാഴുന്നത്. സ്കൂള്‍ വാഹനങ്ങള്‍ നിരത്തിലോടുന്ന രാവിലെയും വൈകുന്നേരങ്ങളിലും ടിപ്പര്‍ലോറികള്‍ റോഡിലിറക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ ഇതുപോലും പരസ്യമായി ലംഘിച്ചുകൊണ്ട്, അമിതവേഗത്തിലുള്ള മരണപ്പാച്ചില്‍ മൂലം അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നുമാണ് കുന്നും മലയും ഇടിച്ചുനിരത്തി കല്ലും മണ്ണുമായിലോറികള് എത്തുന്നത്. അതി രാവിലെ തന്നെ ഓട്ടം തുടങ്ങുന്ന ഇവയില്‍ പലതും അമിതഭാരം കയറ്റിയാണ് നിരത്തിലെത്തുന്നത്. മിക്കടിപ്പറുകള്ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ, സ്പീഡ് ഗവര്‍ണറോ ഒന്നും തന്നെ ഉണ്ടാകാറില്ല. ഇത്തരം വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുവരുന്ന മണ്ണും, മണലും, കരിങ്കല്ലും മറ്റും അനധികൃത ക്വാറികളില്‍ നിന്നും മണ്ണെടുപ്പുകേന്ദ്രങ്ങളില് നിന്നും മറ്റുള്ളതുമാണ്. ഒരു മാസം മുമ്പ് മരട്, പനങ്ങാട് പോലീസും, റവന്യൂ അധികൃതരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നേരം നടത്തിയ പരിശോധനയില്‍ 50 ലോറികള്‍ പിടിക്കപ്പെട്ടിരുന്നു.
അമിതവേഗതയിലുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍ കാല്‍നടക്കാര്‍ക്കും, ഇരുചക്രവാഹനയാത്രക്കുമാണ് ഏറെ ഭീഷണിയാകുന്നത്. നിരനിരയായി പത്തും പതിനഞ്ചും ടിപ്പറുകളാണ് ഒരേസമയം ഒന്നിനു പിറകെ ഒന്നായി മത്സരിച്ചുപായുന്നത്. അമിത വേഗംമൂലം അപകടം സംഭവിച്ചാല്‍ വാഹനം നിര്‍ത്താനോ, പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലാക്കാനോ ടിപ്പറുകാര്‍ മെനക്കെടാറില്ല. കേസില്‍നിന്നും രക്ഷപ്പെടാനും നാട്ടുകാരുടെ പ്രതിഷേധം ഭയന്നുമാണ് അപകടം വരുത്തിയശേഷം വാഹനവുമായി രക്ഷപ്പെടുന്നതിനുപിന്നില് എന്നാണ് പറയപ്പെടുന്നത്.
ഇന്നലെ മരടില്‍ ജന്മഭൂമി ജേര്‍ണലിസ്റ്റ് ട്രെയിനി സി.ദൃശ്യയുടെ സ്കൂട്ടറില്‍ ടിപ്പറിടിച്ച് അപകടം സംഭവിച്ചിരുന്നു. കുണ്ടന്നൂരില്‍ നിന്നും പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിലാണ് അതേദിശയില്‍ തൊട്ടുപിന്നിലെത്തിയ ടിപ്പര്‍ ഇടിച്ചത്. ഇടിച്ചശേഷം നിര്‍ത്താതെ പാഞ്ഞ ടിപ്പറില്‍ സ്കൂട്ടര്‍ ഉടക്കികിടന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ദൃശ്യ റോഡരികിലേക്ക് തെറിച്ചു വീണു. ഇതിനിടെ നാട്ടുകാര്‍ ഓടിയെത്തി പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകയെ ഓട്ടോറിക്ഷയില്‍ കയറ്റി തൊട്ടടുത്ത മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൈക്കും, കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. അപകടം വരുത്തിയ ടിപ്പര്‍ലോറി പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തൃപ്പൂണിത്തുറ ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുണ്ടന്നൂര്‍ ജംഗ്ഷനിലും മറ്റും സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യം പരിശോധിച്ച് വാഹനം പിടികൂടാന്‍ ശ്രമം നടത്തുമെന്ന് തൃപ്പൂണിത്തുറ ട്രാഫിക് സിഐ പി.എച്ച്.ഇബ്രാഹിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: