തൃപ്പൂണിത്തുറ: പോലീസ് ചമഞ്ഞ് ജോലി വാങ്ങിത്തരാം എന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിലായി. തൃപ്പൂണിത്തുറ സ്വദേശിനിയുടെ സ്വര്‍ണമാലയും മോതിരവും കമ്മലും കൈക്കലാക്കിയ തട്ടിപ്പ് സംഘമാണ് സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.
കോട്ടയം കൊല്ലാട് വട്ടുക്കുന്നേല്‍ വീട്ടില്‍ ഷൈമോന്‍ പി. പോള്‍ (33), കോട്ടയം ഒളശ്ശ ചെല്ലിത്തറ വീട്ടില്‍ ബിജോയ് മാത്യു (26), മുളവുകാട് പൊന്നാരമംഗലം, പുളിത്തറ വീട്ടില്‍ മനുഫ്രാന്സിസ്, ഇടപ്പള്ളി ആലുംചുവട് കിഴുപ്പള്ളി വീട്ടില്‍ റഹീഷ് (35) എന്നിവരെയാണ് ഷാഡോ പോലീസ് സെന്‍ട്രല്‍ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.
കൊച്ചിയിലെ ഒരു ഇവന്റ് മാനേജുമെന്റ് സ്ഥാപനത്തില്‍ വെച്ചുളള പരിചയത്തിന്റെ പേരില്‍ ഒന്നാംപ്രതിയായ ഷൈമോന്‍ തൃപ്പൂണിത്തുറ സ്വദേശിനിയായ പരാതിക്കാരിയുടെ ഫോണിലേയ്ക്ക് വിളിച്ച് താന്‍ വെസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എസി ഓഫീസില്‍ ആണ് ജോലി ചെയ്യുന്നത് എന്നും കേരളാ പോലീസിന്റെ അസിസ്റ്റന്റ് പോസ്റ്റിലേയ്ക്ക് വേക്കന്‍സി വന്നിട്ടുണ്ട്; താല്‍പ്പര്യം ഉണ്ടെങ്കില്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും എസ്എസ്എല്‍സി, പ്ലസ്ടു എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ഐഡി കാര്‍ഡിന്റെ കോപ്പിയും അറ്റസ്റ്റ് ചെയ്തു കൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് പ്രതി CRK/3642/KP,LB/422426/AC, REG/3684/13/WEST AC EKM എന്ന വ്യാജ കുറിപ്പ് അയച്ച് കൊടുക്കുകയും ചെയ്തു. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് ഫോണില്‍ വിളിച്ച് തിരുവനന്തപുരത്തുനിന്നും ഓര്‍ഡറിന്റെ കോപ്പി വാങ്ങണമെന്നും പ്രതിയായ ഷൈമോനും കൂടെ വരാം എന്നും അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരിയും അമ്മാവനും പ്രതിയും കൂടി തിരുവനന്തപുരത്ത് പോയി. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തി, താഴെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് ഷൈമോന്‍ സ്റ്റേഷനിലേക്ക് കയറി പോയി. കുറച്ചു സമയം കഴിഞ്ഞ് താഴെ വന്ന് ഓര്‍ഡര്‍ ആണെന്ന് പറഞ്ഞ് ഒരു ലെറ്റര്‍ നല്കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ തിരുവനന്തപുരത്ത് വീണ്ടും പോകണമെന്ന് അറിയിച്ചു. തിരികെ എത്തിയതിനുശേഷം രണ്ടുദിവസം കഴിഞ്ഞ് ജോലിയുടെ കാര്യത്തിന് 50,000 രൂപ വേണ്ടിവരുമെന്ന് അറിയിച്ചു. പൈസ ഇല്ല എന്നറിയിച്ചപ്പോള്‍ ഗോള്‍ഡ് ആയാലും മതി എന്നായി. കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും അരപവന്റെ മോതിരവും കമ്മലും വാങ്ങി എംജി റോഡില്‍ ഉള്ള പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് പണം വാങ്ങി പോയതിനുശേഷം ഒന്നാം പ്രതി മുങ്ങുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് മറ്റൊരാള്‍ വിളിച്ച് ഷൈമോന്‍ ഒരു അപകടം സംഭവിച്ചു എന്ന് അറിയിച്ചു. തുടര്‍ന്ന് പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സംശയം തോന്നി സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ ടോമി സെബാസ്റ്റ്യനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഷാഡോ പോലീസും സെന്‍ട്രല്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.
സ്വഭാവദൂഷ്യം മൂലം ട്രാഫിക് വാര്ഡന് ഡ്യൂട്ടിയില്‍നിന്നും പിരിച്ചു വിട്ടയാളാണ് ഒന്നാംപ്രതി ഷൈമോന്‍. ഒന്നാം പ്രതിയോടൊപ്പം ട്രാഫിക് ജോലി നോക്കിയിരുന്നവരാണ് രണ്ടും മൂന്നും പ്രതികളായ ബിജോയിയും മനുവും. വ്യാജ ഓര്‍ഡര്‍ നിര്‍മിക്കാനും മറ്റും കൂട്ടുനിന്നതിനാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്തത്.
ഷൈമോനെ പോലീസ് പിടികൂടിയതോടെയാണ് മറ്റു പ്രതികളും പോലീസിന്റെ വലയില്‍ വീണത്. ജോലി വാഗ്ദാനം നല്കി പണം അപഹരിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും പോലീസിന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്തതിനും മറ്റുമാണ് പോലീസ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: