കൊച്ചി: ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ തകര്‍ച്ചയ്ക്കും തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ നാശത്തിനും കാരണമാകുന്ന ക്വാറികളുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്ന് മാലിപ്പാറ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു ക്വാറി പ്രവര്‍ത്തിക്കുവാന്‍ 15 എന്‍ഒസികളും ലൈസന്‍സുകളും വേണമെന്നിരിക്കെ രണ്ടോ മൂന്നോ ലൈസന്‍സുകള്‍ വാങ്ങിയാണ് സംസ്ഥാനത്തെ മുഴുവന്‍ പാറ ക്വാറികളും പ്രവര്‍ത്തിക്കുന്നത്.
മുന്‍ വ്യവസായവകുപ്പ് മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം അനുമതി കൊടുത്തിട്ടുള്ള പാറ ക്വാറികള്‍ക്കുവേണ്ടി എംഎംആര്‍ ആക്ടില്‍ നിയമവിരുദ്ധമായ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. കേന്ദ്ര ബയോഡൈവേഴ്സിറ്റി ആക്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളില്‍ രൂപീകരിക്കേണ്ട ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടില്ല. പരിസ്ഥിതി ആഘാത നിര്‍ണ്ണയ പഠനസമിതിയുടെ ഗൈഡ്ലൈന്‍ അനുസരിച്ച് 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ ഖാനനം അനുവദിക്കാവുന്നതല്ല. 70 ഡിഗ്രിയോളം പടിഞ്ഞാറേക്ക് ചരിഞ്ഞുകിടക്കുന്ന പശ്ചിമഘട്ടത്തില്‍ ഈ വ്യവസ്ഥ പൂര്‍ണ്ണമായും ലംഘിച്ചിരിക്കുകയാണ്.
ക്വാറി മാഫിയകള്‍ നിയന്ത്രിക്കുന്ന ഭരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാനത്തും നിലനില്‍ക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ജനസാന്ദ്രതയേറിയ കേരളത്തില്‍ 150 മീറ്റര്‍ മാത്രമായി അകലം നിശ്ചയിച്ചത് ക്വാറി മാഫിയയെ സഹായിക്കാനാണ്. ക്വാറി മാഫിയയും രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്ന് സാമാന്യജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. അഞ്ചിനം ഖാനനപ്രവര്ത്തനങ്ങള്ക്ക് പരിസ്ഥിതി ആഘാതപഠനം വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ ക്വാറികളെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയശേഷം മാത്രമേ ക്വാറികളുടെ ലൈസന്‍സ് പുതുക്കി നല്കുവാന് പാടുള്ളൂ. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികളും അടച്ചുപൂട്ടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്വാറി പ്രവര്‍ത്തനം മൂലം വീടുകള്‍ തകര്‍ന്നവര്‍ക്കും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷന്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.എസ്.ആന്റണി, സി.പി.മുഹമ്മദ്, കെ.എച്ച്.നസീര്‍, ടി.പി.ജോസ്, ചിന്നമ്മ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: