മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ വമ്പന്മാര്ക്ക് നല്ല നാള്. ബാഴ്സലോണയുടെയും ചെല്‍സിയുടെയും പാത പിന്തുടരാതെ കരുത്തരെല്ലാം വിജയം പിടിച്ചെടുത്തു. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പിഎസ്ജിയും ഉശിരന്‍ ജയങ്ങളോടെ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചും ഇംഗ്ലീഷ് പട മാഞ്ചെസ്റ്റര്‍ സിറ്റിയും വിജയാമൃതം നുണഞ്ഞു.
സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവിലെ ഗ്രൂപ്പ് ബി മുഖാമുഖത്തില്‍ തുര്‍ക്കി ടീം ഗലാറ്റസരയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു മുക്കിയായിരുന്നു സ്പാനിഷ് ജൈന്റ്സ് റയലിന്റെ മുന്നേറ്റം. ഗരാത് ബെയ്ല് (37-ാം മിനിറ്റ്), അല്‍വാരൊ അര്‍ബലോവ (51), എയ്ഞ്ചല്‍ ഡി മരിയ (63), ഇസ്കോ (80) എന്നിവരെല്ലാം റയലിനുവേണ്ടി ലക്ഷ്യം കണ്ടു. ഗലാറ്റസരയുടെ ആശ്വാസ ഗോള്‍ ഉമുത് ബുലൂട്ടിന്റെ (38) വക. ഇതോടെ റയലിനു അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റായി. സെര്‍ജിയോ റാമോസ് ഒന്നാം പകുതിയില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയിട്ടും ഉജ്ജ്വല ജയം ഉറപ്പിക്കാനായത് റയലിനെ സംബന്ധിച്ചിടത്തോളം നേട്ടമായി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം ബാധിച്ചില്ലെന്നതും റയലിന്റെ ജയത്തിന്റെ മാറ്റേറ്റി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി കോപ്പന്‍ഹേഗനെ 3-1ന് തോല്‍പ്പിച്ച ഇറ്റാലിയന്‍ സംഘം യുവന്റസ് (6 പോയിന്റ്) നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി.
ഗ്രൂപ്പ് എയില്‍ ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ജര്‍മ്മന്‍ പോരാളികളായ ബയര്‍ ലെവര്‍കൂസനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കു നിലംപരിശാക്കിക്കളഞ്ഞു. മാന്‍.യുവിന്റെ ഭൂരിഭാഗം ഗോളുകള്‍ക്കും പിന്നിലെ സൂത്രധാരന്‍ വെയ്ന്‍ റൂണിയായിരുന്നു. 27-ാം മിനിറ്റില്‍ അന്റോണിയെ വലെന്‍സിയ യുണൈറ്റഡിന് ലീഡ് നല്കി. എമിര്‍ സ്പാഹിക്കിന്റെ സെല്‍ഫ് ഗോളും ഡേവിഡ് മോയെസിന്റെ ടീമിന്റെ ലീഡ് വര്‍ധിപ്പിച്ചു. പിന്നെ ജോണി ഇവാന്‍സ് (65), ക്രിസ് സ്മാളിങ് (77), നാനി (88) എന്നിവരുടെ സ്ട്രൈക്കുകള്കൂടി ചേര്‍ന്നപ്പോള്‍ ലെവര്കൂസന് ചിത്രത്തിലേ ഇല്ലാതായി. അഞ്ചു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മാന്‍.യു (11 പോയിന്റ്) ഗ്രൂപ്പിലെ ഒന്നാമന്. സ്പെയിനില്‍ നിന്നുള്ള റയല്‍ സോഷിഡാഡിനെ 4-0ത്തിനു പരാജയപ്പെടുത്തിയ ഉക്രൈന് സാന്നിധ്യം ഷാക്തര്‍ (8 പോയിന്റ്) രണ്ടാമതു നിലയുറപ്പിച്ചു.
ഒളിംപ്യാക്കോസിനുമേലുള്ള ജയമാണ് ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജര്‍മെയ്ന്റെ പ്രയാണം സുഗമമാക്കിയത്. ഏഴാം മിനിറ്റില്‍ സ്റ്റാര്‍ പ്ലേയര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചിലൂടെ മുന്നില്‍ക്കയറിയ പിഎസ്ജിയെ കോണ്‍സ്റ്റാന്റിനോസ് മനോലാസിന്റെ സ്ട്രൈക്കിലൂടെ ഒളിംപ്യാക്കോസ് ഒപ്പംപിടിച്ചു. എന്നാല്‍ അവസാന നിമിഷം എഡിന്‍സണ്‍ കവാനിയുടെ ഗോള്‍ പിഎസ്ജിയെ മുന്നോട്ടു നയിച്ചു. പരാജയപ്പെട്ടെങ്കിലും ഏഴു പോയിന്റുമായി ഒളിംപ്യാക്കോസ് രണ്ടാം സ്ഥാനത്തു വാണു. ബെല്‍ജിയത്തില്‍ നിന്നുള്ള ആന്ഡര്ലെഷിനെ മറികടന്ന പോര്‍ച്ചുഗീസ് കൂട്ടം ബെന്‍ഫിക്ക തൊട്ടു പിന്നാലെയുണ്ട് (3-2). 7 പോയിന്റ് ബെന്‍ഫിക്കയുടെയും സമ്പാദ്യം.
ഗ്രൂപ്പ് ഡിയില്‍ നിന്ന് ഇതിനകം അടുത്ത റൗണ്ട് ഉറപ്പിച്ച ബയേണ്‍ റഷ്യന്‍ ടീം സിഎസ്കെഎ മോസ്കോയെ തുരത്തി ചാമ്പ്യന്‍സ് ലീഗില്‍ പത്തു തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡ് സ്ഥാപിച്ചു. 2002ല്‍ സ്പാനീഷ് പടക്കുതിരകളായ ബാഴ്സലോണ കുറിച്ച 9 ജയങ്ങളുടെ റെക്കോര്‍ഡാണ് ബയേണ്‍ മറികടന്നത്.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ബയേണിന്റെ ജയം. ആര്യന് റോബനും മരിയോ ഗോട്ട്സെയും തോമസ് മുള്ളറും അവര്‍ക്കുവേണ്ടി സിഎസ്കെഎയുടെ വലയില്‍ പന്തടിച്ചു കയറ്റി. കീസുകെ ഹോണ്ട പരാജിതരുടെ ഏക സ്കോറര്‍. 15 പോയിന്റുകള്‍ ബയേണിന്റെ അക്കൗണ്ടിലെത്തിക്കഴിഞ്ഞു. സെര്‍ജിയോ അഗ്യൂറോ, സമീര്‍ നസൃ, നെഗ്രേഡൊ, എഡിന് സെക്കോ എന്നീ വന്‍ തോക്കുകള്‍ തീതുപ്പിയ ദിനത്തില്‍ ചെക്ക് ക്ലബ്ബ് വിക്റ്റോറിയ പ്ലെസനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് അതിജീവിച്ച മാഞ്ചെസ്റ്റര്‍ സിറ്റിയും (12 പോയിന്റ്) അപ്രമാദിത്വം കാത്തു. ഇതോടെ ഡിസംബര്‍ 11ലെ ബയേണുമായുള്ള മുഖാമുഖത്തില്‍ ജയിച്ചാല്‍ സിറ്റിക്ക് ഗ്രൂപ്പ് ഡിയിലെ ജേതാക്കളാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: