കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സുരക്ഷയുടെ ഭാഗമായി രണ്ടായിരത്തോളം പോലീസുകാരെയാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളതെന്ന് മധ്യമേഖലാ ഐജി പത്മകുമാര്‍ കെസിഎ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
സിറ്റി പോലിസ് കമ്മീഷണര്‍ കെ.ജി. ജെയിംസിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് എസ്പിമാര്‍ക്കാണ് സുരക്ഷയുടെ ചുമതല. ഇവരുടെ കീഴില്‍ 18 ഡിവൈഎസ്പിമാര്‍ 178 എസ്ഐമാര്‍ എന്നിവരും 2000 പോലീസുകാരുമാണ് സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷാ ജോലിക്കായി ഉണ്ടാവുക.
നാളെ രാവിലെ 10.30 മുതല്‍ സ്റ്റേഡിയത്തിനകത്തേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. മദ്യപിച്ച് വരുന്നവരെ സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിപ്പിക്കില്ല. കാണികള്‍ക്ക് പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാമെങ്കലും ചില്ലുകള്‍ അനുവദിക്കില്ല. സ്റ്റേഡിയത്തിലെ കസേര, മറ്റ് സാമഗ്രികള്‍ മുതലായവ നശിപ്പിക്കുന്നവരെയും ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിയുന്നവരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേകം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ എല്ലാ കവാടങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ പോലിസ് കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ചു നിരീക്ഷണത്തിന് വിധേയമാക്കും. തീപ്പെട്ടി, സിഗരറ്റ്, ലൈറ്റര്‍, വലിയ ബാഗുകള്‍ എന്നിവ സ്റ്റേഡിയത്തിനകത്ത് അനുവദിക്കില്ല. സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ച ശേഷം പുറത്തേക്ക് പോയാല്‍ വീണ്ടും പ്രവേശനം അനുവദിക്കുന്നതല്ല. പ്രവേശനം ലഭിച്ചവര്‍ ടിക്കറ്റിന്റെ കൗണ്ടര്‍ ഫോയില്‍ പരിശോധനക്കായി കൈവശം സൂക്ഷിക്കണം. മെഡിക്കല്‍ സഹായത്തിനായി 4 ആംബുലന്‍സുകള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അടിയന്തരസഹായം ആവശ്യമായ ഘട്ടങ്ങളില്‍ സ്റ്റേഡിയത്തിലുള്ള പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ലൈസന്‍സുള്ള കാറ്ററിംഗ് സര്‍വീസുകളായിരിക്കും സ്റ്റേഡിയത്തില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുക. നാളെ രാത്രി മുതല്‍ കളി തീരുന്നതു വരെ സ്റ്റേഡിയം പ്രധാന ഗെയ്റ്റ് മുതല്‍ സ്റ്റേഡിയത്തിന് ചുറ്റം വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
കളി നടക്കുന്ന ദിവസം സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെസിഎ പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. മഴ കാരണം ഒരോവര്‍ പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക്ശാഖ വഴി പണം മടക്കിനല്‍കുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: