ഒടുവില്‍ അതും സംഭവിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്കി ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡു ല്ക്കറെ രാജ്യം ആദരിച്ചു. ഈ ബഹുമതിക്ക് സച്ചിന് തീര്‍ത്തും അര്‍ഹനാണ്. കഴിഞ്ഞ ദിവസം അവസാന ടെസ്റ്റ് കളിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം സച്ചിന് ഭാരതരത്ന നല്‍കുമെന്ന പ്രഖ്യാപനം വന്നത്.
ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ മഹാനായ താരമാണ് സച്ചിന്. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍, ഏകദിനങ്ങള്‍, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സുകള്‍, സെഞ്ച്വറികള്‍, ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്നിങ്ങനെ ലോകറെക്കോര്‍ഡുകളുടെ നീണ്ട പട്ടികയാണ് സച്ചിന്റെ പേരിലുള്ളത്. ഇരുന്നൂറ് ടെസ്റ്റുകള്‍, 463 ഏകദിനങ്ങള്‍…. ഈ റെക്കോര്‍ഡുകള്‍ ഒരുകാലത്തും തകരുകയില്ലെന്ന ഉത്തമവിശ്വാസത്തിലാണ് സച്ചിന്റെ ആരാധകരും മറ്റും. ഇതൊന്നും തകരാതിരിക്കട്ടെ എന്ന് കരുതുമ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ്. സച്ചിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചോദിക്കട്ടെ മാസ്റ്റര്‍ ബ്ലാസ്റ്ററേക്കാള്‍ മികച്ച കായിക താരങ്ങള്‍ ഇന്ത്യക്കില്ലായിരുന്നുവോ? എന്തുകൊണ്ട് സച്ചിനേക്കാള്‍ മുന്നെ ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന് ഭാരതരത്ന സമ്മാനിച്ചില്ല. ധ്യാന്‍ചന്ദിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന കായികപ്രേമികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തെ മറികടന്നാണ് ക്രിക്കറ്റ് ദൈവം സച്ചിന് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കിയത്. ധ്യാന്‍ചന്ദിന് ഭാരതരത്ന നല്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹോക്കി ഇന്ത്യ കായികമന്ത്രിയായിരുന്ന അജയ് മാക്കനോട് അപേക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ ധ്യാന്‍ചന്ദിനെ അവഗണിച്ച് സച്ചിന് ഭാരതരത്ന നല്‍കുകയായിരുന്നു.
2012-ല്‍ ധ്യാന്‍ചന്ദിനെ ഭാരതരത്നക്ക് വേണ്ടി കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. അന്ന് കായികതാരങ്ങള്‍ക്ക് പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അത് മറികടന്നാണ് ഇപ്പോള്‍ സച്ചിന് ബഹുമതി നല്‍കിയിരിക്കുന്നത്. ധ്യാന്ചന്ദിനേക്കാള് എന്ത് അധികയോഗ്യതയാണ് സച്ചിനുള്ളത്?
ആരായിരുന്നു ധ്യാന്‍ചന്ദ്. ലോകം കണ്ട ഹോക്കി മാന്ത്രികനാണ് ഇന്ത്യയുടെ ധ്യാന്‍ചന്ദ്. മൂന്ന് ഒളിമ്പിക്സുകളില്‍ ഇന്ത്യയെ ഹോക്കി സ്വര്‍ണ്ണത്തിലേക്ക് നയിച്ച അത്ഭുതപ്രതിഭയാണ് ധ്യാന്‍ചന്ദ്. അതിനുശേഷം ലോക ഹോക്കിയില്‍ ധ്യാന്‍ ചന്ദിനെപ്പോലൊരു പ്രതിഭ ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാം.
1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ ധ്യാന്‍ചന്ദിന്റെ കളി കണ്ട ലോകത്തെ ഏറ്റവും വലിയ ഏകാധിപതിയായ ഹിറ്റ്ലര്‍ ധ്യാന്‍ചന്ദ് ജര്‍മ്മനിക്ക് വേണ്ടി കളിക്കുകയാണെങ്കില്‍ പട്ടാളത്തില്‍ കേണലായി ജോലി നല്‍കാമെന്ന വാഗ്ദാനം പോലും നടത്തിയിരുന്നു. എന്നാല്‍ ആ വാഗ്ദാനം ധ്യാന്‍ചന്ദ് നിരസിക്കുകയായിരുന്നു. 1926 മുതല്‍ 1948 വരെയുള്ള കാലയളവില്‍ കളിച്ച ധ്യാന്‍ചന്ദ് നേടിയ ഗോളുകളുടെ കൃത്യ എണ്ണം പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആയിരത്തിലേറെ ഗോളുകള്‍ ഈ മഹാനായ പ്രതിഭ നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ ഏറെക്കുറെ വ്യക്തമാക്കുന്നത്. ധ്യാന്‍ചന്ദിന്റെ കാലത്ത് ടിവിയില്‍ പോലും കളി കാണാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ സച്ചിന്റെ കാലഘട്ടത്തില്‍ അങ്ങനെയല്ലായിരുന്നു. മത്സരങ്ങളുടെ ആധിക്യത്തിനൊപ്പം തല്‍സമയ സംപ്രേഷണവും കൂടിയായതോടെ സച്ചിനിലെ ലോകം അടുത്തറിഞ്ഞെന്നു മാത്രം.
ധ്യാന്‍ചന്ദിനും സച്ചിന് ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം വെക്കാവുന്ന മറ്റൊരു താരമാണ് വിശ്വനാഥന് ആനന്ദ്. ഇന്ത്യയുടെ ആദ്യ യഥാര്‍ത്ഥ ലോകചാമ്പ്യനാണ് ചെസ്സിലെ ചക്രവര്‍ത്തിയായി വിരാജിക്കുന്ന വിശ്വനാഥന് ആനന്ദ് എന്ന തമിഴ്നാട് സ്വദേശി. അഞ്ച് തവണ ലോകകിരീടം നേടിയ താരമാണ് ആനന്ദ്. സച്ചിന് ഭാരതരത്ന നല്കാമെങ്കില് ധ്യാന്‍ചന്ദിനും ആനന്ദിനും അത് സമ്മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്. ആനന്ദിന് നല്കിയില്ലെങ്കിലും മേജര്‍ ധ്യാന്‍ ചന്ദിന് മരണാനന്തര ബഹുമതിയായി ഇനിയെങ്കിലും ഭാരതരത്ന നല്കി ആദരിക്കാ ന് രാജ്യം തയ്യാറാകണം.ഇന്ത്യ ദേശീയ കായികദിനമായി ആഘോഷിക്കുന്നത് ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഇങ്ങനെയുള്ള മഹാപ്രതിഭയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കാന് ഇനിയെങ്കിലും രാജ്യം താമസം വരുത്തരുത്.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: