മുംബൈ: ക്രിക്കറ്റ് ഇതിഹാസത്തിന് ഇതിലും വലിയ വിടവാങ്ങല്‍ സമ്മാനം കളത്തില്‍ നിന്ന് നല്കാനില്ല. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും വെസ്റ്റിന്‍ഡീസിനെ തച്ചുതകര്‍ത്ത ടീം ഇന്ത്യ ക്രീസിലെ ദൈവത്തിന്റെ പാദങ്ങളില്‍ വിജയ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഇന്നിങ്ങ്സിനും 126 റണ്‍സിനുമായിരുന്നു വാംഖഡെയില്‍ ഇന്ത്യന്‍ ജയം. 313 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് മറികടക്കാനിറങ്ങിയ കരീബിയന്‍ പട മൂന്നാം ദിനം വെറും 187 റണ്‍സിനു പുറത്തായി. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കി.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയും നാലുപേരെ പുറത്താക്കിയ ആര്. അശ്വിനും ചേര്‍ന്ന സ്പിന്‍ ദ്വയമാണ് വിന്‍ഡീസിന്റെ തലയറുത്തത്. രണ്ടിന്നിങ്ങ്സിലുമായി പത്ത് ഇരകളെ കണ്ടെത്തിയ ഓജ കളിയിലെ കേമനും പരമ്പരയിലൂടനീളം റണ്‍സ് വാരിയ രോഹിത് ശര്‍മ മാന്‍ ഓഫ് ദ സീരിസുമായി. സ്കോര്‍: വിന്‍ഡീസ്-182, 187. ഇന്ത്യ-495.
തലേദിവസം മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിന്‍ഡീസിന് തോല്‍വിയില്‍ നിന്നു കരകയറാനുള്ള അത്ഭുതം കാട്ടാന്‍ കെല്പ്പില്ലായിരുന്നു. മര്‍ലോണ്‍ സാമുവല്‍സിനെ (11) ഓജയുടെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്യുമ്പോള്‍ അവരുടെ തകര്‍ച്ചയുടെ പുതിയ അധ്യായത്തിനു തിരശീല ഉയര്‍ന്നു.
ഒരറ്റത്തു നിലയുറപ്പിച്ച ക്രിസ് ഗെയ്ലിനെയും (35) ഓജ മടക്കിയ നിമിഷം സന്ദര്‍ശകരുടെ സ്കോര്‍ നൂറിലെത്തിയിരുന്നില്ല. ഡിയോനരെയ്നെ സ്വന്തം പന്തില്‍ പിടിച്ചു സംപൂജ്യനാക്കിയ ഓജ എതിരാളികളുടെ തകര്‍ച്ചയുടെ ആക്കം കൂട്ടി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പേരുകേട്ട പരിചയസമ്പന്നന്‍ ശിവ് നാരായണ്‍ ചന്ദര്‍പോള്‍ (41) അശ്വിനെ നമിച്ചു. ദിനേഷ് രാംദിന് (68 പന്തില്‍ 53 നോട്ടൗട്ട്) ആക്രമിച്ചുകളിച്ചെങ്കിലും അതൊന്നും ഇന്ത്യയുടെ വിജയരഥത്തിന്റെ പ്രയാണം മുടക്കിയില്ല. ഡാരന്‍ സമ്മി (1) ഷെയ്ന് ഷില്ലിങ് ഫോര്‍ഡ് (8) ഷാനൊന് ഗബ്രിയേല്‍ (0) എന്നിവരെ അതിവേഗം കൂടാരകയറ്റി സച്ചിനൊപ്പം ഇന്ത്യ ആനന്ദ നൃത്തം ചവുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: