ആര്യ കൂത്തമ്പലത്തിന്റെ പടികയറുമ്പോള്‍ പൂര്‍വ്വികരുടെ ഹൃദയങ്ങള്‍ ത്രസിച്ചു. ജന്മാന്തര ബന്ധങ്ങളിലൂടെ പദം വച്ച കലാ അനുഷ്ഠാനത്തിന്റെ മണി കിലുക്കം ഉയര്‍ന്നുപൊങ്ങി. ഇത് നിയോഗത്തിന്റെ സ്പന്ദനമാണ്, ചുവടുവയ്പാണ്. കാലത്തിന് കശക്കിയെറിയാന്‍ കഴിയാത്ത തനതായ ഒരു കലാരൂപത്തിന്റെ നിലയ്ക്കാത്ത താളക്കൊഴുപ്പിന്റെ പ്രതിസ്പന്ദനമാണ്.
കൂത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പൊതിയില്‍ നാരായണ ചാക്യാരുടെ മകള്‍ പൊതിയില്‍ ആര്യ പി.എന്‍ കൂത്തമ്പലത്തില്‍ താളക്കൊഴുപ്പിന്റെ ചടുല വേഗത്തില്‍ ഭാവം പകര്‍ന്നാടുമ്പോള്‍ കാണികള്‍ അത്ഭുതപ്പെട്ടു. പൂതനാമോക്ഷത്തിലെ പകര്‍ന്നാട്ടത്തില്‍ കണ്ണും മുദ്രകളും ഭാവങ്ങളും ആസ്വാദകന്റെ സംവേദന ശീലങ്ങളിലേക്ക് പടര്‍ന്നു കയറി. കൃഷ്ണന്റെയും പൂതനയുടെയും വ്യത്യസ്തമായ ഭാവങ്ങള്‍ ആര്യയുടെ മുഖത്ത് മിന്നി മായുമ്പോള്‍ കൂത്തിന്വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് ഇത് ജന്മസാഫല്യത്തിന്റെ സംതൃപ്തിയാണ്.
ആര്യ അരങ്ങിലെത്തുമ്പോള്‍ അഞ്ചുതലമുറകള്‍ കെടാതെ സൂക്ഷിച്ച കലയുടെ നെയ്വിളക്കാണ് തുടര്‍ന്നു തെളിയുന്നത്. കൂത്തിന്വേണ്ടി കോട്ടയം മാങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന പൊതിയില്‍ ഗുരുകുലം ഡയറക്ടര്‍ നാരായണ ചാക്യാരുടെ മകളാണ് പൊതിയില്‍ ആര്യ പി.എന്‍. കൂത്തിന്റെ കളിത്തട്ടിലേക്ക് പിറന്നുവീണ ആര്യയ്ക്ക് ഓര്‍മ്മവച്ച നാള് മുതല്‍ കൂത്തരങ്ങിന്റെ ശബ്ദവും ലയവും താളവും വേഷവും പരിചിതമായി. ജനിതകമായി അലിഞ്ഞു ചേര്‍ന്ന കലയുടെ മൗനസ്പന്ദനങ്ങള്ക്ക് ഊടും പാവും നല്‍കിയത് അച്ഛന് പൊതിയില്‍ നാരായണ ചാക്യാരും മാര്‍ഗ്ഗി ഉഷയും കവിയൂര്‍ പി.എന്‍.എന്‍ ചാക്യാരുമാണ്. ഗുരുകുലത്തിന്റെ പ്രസിഡന്റ് പ്രൊഫ. പി.വി. വിശ്വനാഥന് നമ്പൂതിരിയുടെ അകമഴിഞ്ഞ സഹായവും ലഭിച്ചു.
കോട്ടയം വടവാതൂര്‍ ഗിരിദീപം സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യ. അമ്മ സുജാദേവി കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. കലകളെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്ന ആധുനിക വര്‍ത്തമാന കാലത്തില്‍ നിസ്വാര്‍ത്ഥമായി കലയെ ഉപാസിക്കുന്ന ഈ കുടുംബം മാതൃകയാകുന്നു. അനുഷ്ഠാന കലയുടെ നിഷ്ഠകള്‍ക്ക് ഭംഗം വരാതെ തനിമയില്‍ കാത്തു സൂക്ഷിക്കുന്ന ഈ കലാകാരന്മാര് നമുക്ക് ദൈവം സമ്മാനിച്ച വരാദാനമാണ്. പുരാവസ്തുഗവേഷണമാണ് ആര്യയുടെ ഇഷ്ടവിഷയം.
കെ.വി ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: