കൊല്‍ക്കത്ത: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ അവസാന പരമ്പര എന്നപേരുകൊണ്ട് ഏറെ പ്രസിദ്ധമായ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. വിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 234 റണ്‍സിന് ഓള് ഔട്ടാക്കിയ ഇന്ത്യ ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സോടെ ശിഖര്‍ ധവാനും 16 റണ്‍സോടെ മുരളി വിജയുമാണ് ക്രീസില്‍. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ മുഹമ്മ് ഷാമിയുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ കരുത്തിലാണ് ഇന്ത്യ വിന്‍ഡീസിനെ 234 റണ്‍സിലൊതുക്കിയത്. രണ്ട് ഓവര്‍ ബൗള്‍ ചെയ്ത സച്ചിനും ഒരു വിക്കറ്റ്കിട്ടി. രോഹിത് ശര്‍മ്മയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. വിന്‍ഡീസിന് വേണ്ടി ഷെല്‍ഡന്‍ കോട്ട്റലും അരങ്ങേറി.
ടോസ് നേടിയ വിന്‍ഡീസ് നായകന് ഡാരന്‍ സമി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിച്ച് സ്കോര്‍ 34-ല്‍ നില്‍ക്കേ അപകടകാരിയായ ക്രിസ്ഗെയിലിനെ ഭുവനേശ്വര്‍കുമാര്‍ മടക്കി. 18 റണ്‍സെടുത്ത ഗെയിലിനെ മുരളി വിജയ് പിടികൂടി. അധികം വൈകാതെ മറ്റൊരു ഓപ്പണറായ കീറണ്‍ പവലും മടങ്ങി. 28 റണ്‍സെടുത്ത പവലിനെ മുഹമ്മദ് ഷാമി ഭുവനേശ്വര്‍കുമാറിന്റെ കൈകളിലെത്തിച്ചു. ഷാമിയുടെ ആദ്യ ടെസ്റ്റ് വിക്കറ്റ്. പിന്നീട് ഡാരന്‍ ബ്രാവോയും സാമുവല്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 134-ല്‍ എത്തിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 65 റണ്‍സെടുത്ത സാമുവല്‍സിനെ ഷാമി ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറില്‍ തന്നെ ബ്രാവോയും പുറത്തായി. 23 റണ്‍സെടുത്ത ബ്രാവോ റണ്ണൗട്ടായാണ് മടങ്ങിയത്. പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ രാംദിന് അഞ്ച് റണ്‍സെടുത്ത് ഷമിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങിയതോടെ വിന്‍ഡീസ് അഞ്ചിന് 143 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. പിന്നീട് ചന്ദര്‍പോളും സമിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 172-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത സമി മടങ്ങി. പ്രഗ്യാന്‍ ഓജയുടെ പന്തില്‍ ഭുവനേശ്വര്‍കുമാറിന് ക്യാച്ച് നല്‍കിയാണ് സമി പുറത്തായത്. സ്കോര്‍ 192-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത ഷില്ലിംഗ്ഫോര്‍ഡിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്റെ 46-ാം വിക്കറ്റായിരുന്നു ഇത്. പിന്നീട് ചന്ദര്‍പോളും വീരസ്വാമി പെരുമാളും ചേര്‍ന്ന് സ്കോര്‍ 200 കടത്തി. എന്നാല്‍ സ്കോര്‍ 211-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന് എട്ടാം വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത പെരുമാളെ അശ്വിന് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. തുടര്‍ന്ന് സ്കോര്‍ 233-ല്‍ എത്തിയപ്പോള്‍ വിശ്വസ്തനായ ചന്ദര്‍പോളും മടങ്ങി. 36 റണ്‍സെടുത്ത ചന്ദര്‍പോളിനെ അശ്വിന് ബൗള്‍ഡാക്കി. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ഷെല്‍ഡന്‍ കോട്ട്റലിനെ ഷമി ബൗള്‍ഡാക്കി. 14 റണ്‍സെടുത്ത ടിനോ ബെസ്റ്റ് പുറത്താകാതെ നിന്നു. 17 ഓവറില്‍ 71 റണ്‍സ് വഴങ്ങിയാണ് മുഹമ്മദ് ഷാമി അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. 52 റണ്‍സ് വഴങ്ങി അശ്വിന് രണ്ട്വിക്കറ്റുകളും സ്വന്തമാക്കി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവനും മുരളി വിജയും മികച്ച തുടക്കമാണ് നല്‍കിയത്. 12 ഓവറില്‍ 37 റണ്‍സാണ് ഇരുവരും ഇതുവരെ കൂട്ടിച്ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: