കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ സാക്ഷ്യപത്രം ശ്വേതാംബരക്കുറുപ്പാണെന്ന പരാമര്‍ശം കോര്പ്പറേഷന് പ്രതിപക്ഷാംഗങ്ങളെ കുപിതരാക്കി.
ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പൊതുചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ സിപിഎമ്മിലെ എന്‍.നൗഷാദാണ് ശ്വേതാമേനോന് സംഭവത്തെ പരാമര്‍ശിച്ച് പീതാംബരക്കുറുപ്പ് എംപിയെ അപഹസിച്ച് സംസാരിച്ചത്. കൊല്ലം ജനതക്ക് നാണക്കേടുണ്ടാക്കി സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായ വിഷയമാണിതെന്നും ചില മുതലാളിമാര്‍ക്ക് വേണ്ടിയാണ് എംപി ജലമേളക്ക് തുടക്കമിട്ടതെന്നും നൗഷാദ് ആരോപിച്ചു. ഇതോടെ കൂടുതല്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ബഹളം രൂക്ഷമായതോടെ സഭയിലില്ലാത്ത വ്യക്തിയെപറ്റി ചര്‍ച്ചയില്ലെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. അതോടെ പ്രതിപക്ഷത്തിന്റെ ബഹളത്തിനും ശമനമായി.
നഗരഹൃദയത്തിലെ ആറേക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന പുള്ളിക്കട കോളനിയില്‍ ചേരിനിര്‍മാര്‍ജന പദ്ധതിയുടെ നടത്തിപ്പ് ഫലപ്രദമല്ലെന്നും റെയില്‍വേയുടെ ഉടമസ്ഥതയിലാണ് സ്ഥലമെന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹണി ബഞ്ചമിന് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തി. ഏതെങ്കിലും ഒരു പദ്ധതി അവിടെ താമസിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്കായി നടപ്പാക്കണമെങ്കില്‍ ആദ്യം ആ സ്ഥലം റെയില്‍വെയില്‍ നിന്നും ഏറ്റെടുക്കണം. നാല് കോടി രൂപയ്ക്ക് സ്ഥലം നല്കാന് വാക്കാല്‍ റെയില്‍വേയുമായി ധാരണയുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രദേശം ഏറ്റെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മേയര്‍ മറുപടിയില്‍ പറഞ്ഞു. പുള്ളിക്കട പ്രദേശം ലഭിച്ചാല്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കി കോര്‍പ്പറേഷന്റെ ആസ്തിയിലേക്ക് പ്രദേശം ഉള്‍പ്പെടുത്താനാകുമെന്നും അതുവഴി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റപ്പെടുമെന്നും മേയര്‍ പറഞ്ഞു. 15 ചേരികളാണ് റേ പദ്ധതിയില്‍പെടുത്തി ആധുനീകരിക്കുന്നത്. കോര്പ്പറേഷന് പരിധിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉളിയക്കോവില്‍ ശശി ഉന്നയിച്ച വിഷയത്തിന് മറുപടിയായി മേയര്‍ പറഞ്ഞു. മൂന്നാംകുറ്റിയില്‍ ആഡംബരകാര്‍ വില്‍പ്പന-സര്‍വീസ് കേന്ദ്രം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു സ്വകാര്യഹോട്ടല്‍ വര്‍ഷങ്ങളായി നികുതിയടക്കുന്നില്ലെന്നും ശശി ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തെ ഭരണം വിലയിരുത്താന്‍ അവലോകനയോഗം നടത്താതെ മേയര്‍ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ജോര്‍ജ് ഡി കാട്ടില്‍ ആരോപിച്ചു. ആസ്തി രജിസ്റ്റര്‍ ഉണ്ടാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇതുവരെയും ചെവികൊണ്ടിട്ടില്ല. ബീച്ചിലെ അഴിമതിയും പൊള്ളയായ അവകാശവാദവുമെല്ലാം മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്ക് നേരെ സിപിഎം നടത്തുന്ന വിധം സമരം കോണ്‍ഗ്രസ് നടത്തിയാല്‍ മേയര്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാനാവില്ലെന്നും കാട്ടില്‍ മുന്നറിയിപ്പ് നല്കി.
കാരിക്കുഴി ഏലായുമായി ബന്ധപ്പെട്ട് നടന്ന ഉദ്യോഗസ്ഥ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗം സി.വി.അനില്‍കുമാര്‍ ആവശ്യമുയര്‍ത്തി. രേഖകളില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥന് ഒരു കേടുപാടുമില്ലാതെ സര്‍വീസില്‍ തുടരുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
വികസനപ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങളും മൂന്നുവര്‍ഷമായും പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് ലൈലാകുമാരി ചൂണ്ടിക്കാട്ടി. തെരുവ് വിളക്ക് കത്താത്തതും റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ള പ്രശ്നങ്ങളും അനന്തമായി നീളുകയാണെന്നും പറഞ്ഞു. പണികള്‍ തീര്‍ത്താലും കരാറുകാര്‍ക്ക് പണം ലഭിക്കാത്തതിനെ പറ്റിയായിരുന്നു കൂട്ടിക്കട ഡിവിഷന് കൗണ്‍സിലറായ കമാലുദീന്റെ പരാതി. തന്റെ ഡിവിഷനില്‍ 20 ലക്ഷം രൂപ ചിലവാക്കി ഓടകളുടെ പണി പൂര്‍ത്തിയാക്കിയ കരാറുകാരന് അടിയന്തിരമായി തുക നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തീരദേശറോഡിലെ മാലിന്യനിക്ഷേപത്തെ ഗൗരവമായി കാണാന്‍ കോര്പ്പറേഷന് തയ്യാറാകണമെന്ന് കൈക്കുളങ്ങരയിലെ അംഗം റോബിന് ആവശ്യപ്പെട്ടു. ഉദയാ സുകുമാരന്‍, ഹംസത്ത് ബീവി, ഗീതാകുമാരി, എസ്.ജയന്, ടോമി, ലൈലാകുമാരി, മുരളീബാബു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: