തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷം പ്രഥമ അര്‍ദ്ധ വാര്‍ഷികത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ബിസിനസ് 19.28 ശതമാനം വളര്‍ച്ചയോടെ 158832 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 133162 കോടി രൂപയായിരുന്നു. നീക്കിയിരിപ്പുകള്‍ക്ക് മുമ്പുള്ള പ്രവര്‍ത്തന ലാഭം 13.72 ശതമാനം വളര്‍ച്ചയോടെ 729 കോടി രൂപയായി.
അറ്റാദായം 241 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 317 കോടി രൂപയായിരുന്നു. 2012-13 പ്രഥമ അര്‍ദ്ധ വര്‍ഷത്തിലെ 1029 കോടി രൂപയെ അപേക്ഷിച്ച് 14.86 ശതമാനം വര്‍ധനവോടെ , അസല്‍ പലിശ വരുമാനം 1182 കോടി രൂപയായി. പലിശേതര വരുമാനം മുന്‍ വര്‍ഷം സമാനകാലയളവിലെ 272 കോടി രൂപയുടെ സ്ഥാനത്ത് 398 കോടി രൂപയായി വര്‍ധിച്ചു.
ബാസല്‍ 3 ചട്ടക്കൂടിന് കീഴിലെ മൂലധന-നഷ്ടസാധ്യതാ ആസ്തി അനുപാതം 2012 സപ്തംബറിലെ 11.31 ശതമാനത്തിന്റെ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.13 ശതമാനമാണ്. ആകെ നിഷ്ക്രിയാസ്തികള്‍ 2012 സപ്തംബറിലെ 2.98 ശതമാനത്തില്‍ നിന്ന് 3.50 ശതമാനമായി. അസ്സല് നിഷ്ക്രിയാസ്തികള്‍ 2.07 ശതമാനമായി.
ബാങ്കിന്റെ നിക്ഷേപങ്ങള്‍ 21.44 ശതമാനാം വളര്‍ച്ചയോടെ 91505 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 75352 കോടി രൂപയായിരുന്നു. പ്രവാസി നിക്ഷേപങ്ങള്‍ 23143 കോടി രൂപയായി ഉയര്‍ന്നു. വായ്പാ നിലവാരം 9517 കോടി രൂപ വര്‍ധിച്ച് 67327 കോടി രൂപയായി. ബാങ്കിന്റെ മുന്‍ഗണനാ വിഭാഗവായ്പകള് 25000 കോടി രൂപയായി. മൈക്രോ-ചെറുകിട ഇടത്തരം സംരംഭകത്വ വായ്പകള്‍ 9791 കോടി രൂപയാണ്. 2013 സപ്തംബര്‍ 30 ലെ കണക്കുകള്‍ പ്രകാരം സ്വാശ്രയസംഘങ്ങള്‍ക്കുള്ള മൊത്തം വായ്പകള്‍ 859.68 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: