കിങ്ങ്സ്റ്റണ്‍: കായിക രംഗത്തെ അതുല്യ നേട്ടങ്ങള്‍ക്ക് വിജയതൃഷ്ണയും ശാരീരികക്ഷമതയും അനിവാര്യം. ആദ്യത്തേത് മുന്‍ഗാമികളുടെ അത്യുജ്ജ്വല പ്രകടനങ്ങളില്‍ നിന്നോ അടുപ്പമുള്ളവരുടെ വാക്കുകളില്‍ നിന്നോ അതല്ലെങ്കില്‍ എതിരാളികളോട് കണക്കുതീര്‍ക്കാനുള്ള വാശിയില്‍ നിന്നോയൊക്ക സ്വായത്തമാവും. എന്നാല്‍ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കഠിന പരിശ്രമം തന്നെ വേണം. ഭക്ഷണക്കാര്യത്തിലെ ചെറിയ പിഴവുപോലും ചിലപ്പോള്‍ താരത്തെ ലക്ഷ്യത്തില്‍ നിന്നകറ്റാം.
പക്ഷേ, ട്രാക്കില്‍ വേഗതയുടെ മിന്നല്‍പ്പിണര്‍ തീര്‍ക്കുന്ന ജമൈക്കന്‍ ഇതിഹാസം യു.എസ്.എീന്‍ ബോള്‍ട്ടിനോട് ആ ഉപദേശം വേണ്ട. ഭക്ഷണം നിയന്ത്രിച്ച് ഒന്നും നേടാന്‍ ബോള്‍ട്ടിനെ കിട്ടില്ല. 2008ലെ ബീജിംഗ് ഒളിമ്പിക്സിനിടെ ബോള്‍ട്ട് വാരിവലിച്ചു തിന്നത് 1000 പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍. ബീജിംഗില്‍ വസിച്ച പത്തു ദിവസത്തിനിടെയായിരുന്നു ബോള്‍ട്ടിന്റെ ആര്‍ത്തിപിടിച്ച ഈ തീറ്റ.
20 പീസുകളുള്ള ഒരു ബോക്സില്‍ തുടങ്ങിയതായിരുന്നു ബോള്‍ട്ടിന്റെ ചിക്കന്‍ കൊതി. പിന്നീടതു ദിവസം 100 പീസുകളില്‍ വരെയെത്തി. ബീജിങ്ങിലെ ട്രാക്കില്‍ മൂന്നു സ്വര്‍ണം കൊയ്യാന്‍ തനിക്ക് ഊര്‍ജം പകര്‍ന്നത് ഈ കോഴിയിറച്ചി തീറ്റയാണെന്ന് ജമൈക്കന്‍ സ്പ്രിന്റര്‍ പറയുന്നു.
ബോള്‍ട്ടിന്റെ ആത്മകഥയായ ‘ഫാസ്റ്റര്ദാന് ലൈറ്റിനിങ്ങി’ലാണ് രസകരമായ ഈ വെളിപ്പെടുത്തലുള്ളത്.ഉച്ചഭക്ഷണത്തിനൊപ്പം ഒരു പെട്ടി ചിക്കന്‍ പീസുകള്‍ കഴിച്ചതായിരുന്നു തുടക്കം. അന്ന് അത്താഴത്തിനൊപ്പവും ഒരു പെട്ടികഴിച്ചു. പിറ്റേദിവസം പ്രഭാത ഭക്ഷണത്തിന് രണ്ട് ബോക്സ് അകത്താക്കി, ബോള്‍ട്ട് പറയുന്നു.ചൈനീസ് ഭക്ഷണം തനിക്ക് അത്ര പിടിക്കാത്തതുകൊണ്ടാണ് ചിക്കന്‍ തേടിപ്പോയതെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ബീജിംഗില്‍ 100, 200, 100 മീറ്റര്‍ റിലേ എന്നിവയില്‍ ലോക റെക്കോഡുകളോടെയാണ് ബോള്‍ട്ട് സ്വര്‍ണത്തിലേക്ക് കുതിച്ചത്. നൂറു ചിക്കന്‍ പീസുകള്‍ വച്ചു പത്തുദിവസം കഴിച്ച ബോള്‍ട്ട് പ്രതിദിനം 5000 കലോറി സംഭരിച്ചിരിക്കാമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: