കൊല്‍ക്കത്ത: ദീപാവലി പോയ്മറഞ്ഞിട്ടും കൊല്‍ക്കത്തയില്‍ ആഘോഷത്തിന്റെ ലഹരിയടങ്ങുന്നില്ല. സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ കരിയറിലെ അവസാന ദിനങ്ങളെ ദീപാവലിയെക്കാള്‍ വലിയ ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് കൊല്‍ക്കത്ത നിവാസികള്‍. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്രങ്ങളടങ്ങിയ വലിയ ഫ്ലെക്സുകളും നാടിനെയും നഗരത്തെയും കീഴടക്കുകയാണ്. ഈഡന് ഗാര്‍ഡനില്‍ സച്ചിന്റെ മെഴുകു പ്രതിമ തീര്‍ത്ത കൊല്‍ക്കത്തക്കാര്‍ പ്രിയതാരത്തിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ ആഴം ഒരിക്കല്‍ക്കൂടെ വരച്ചുകാട്ടി.
വെസ്റ്റിന്‍ഡീസിനെതിരെ നാളെ തുടങ്ങുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിനിറങ്ങിയ സച്ചിനെ ആരാധകവൃന്ദം പൂക്കളും വര്‍ണക്കടലാസുകളും വാരിവിതറിയാണ് സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്.
രാവിലെ 10.30ഓടെ സ്റ്റേഡിയത്തിലെത്തിയ സച്ചിന് കുറച്ചുനേരം കോച്ച് ഡെങ്കന്‍ ഫ്ലെച്ചറുമായി സംസാരിച്ചു. പിന്നെ ബാറ്റിങ് പ്രാക്ടീസിനായി നെറ്റ്സിലേക്ക്… ഇതിനകം മുരളി വിജയ്യും ശിഖര്‍ ധവാനും ബറ്റ്ടുത്ത് വലക്കൂടിനുള്ളില്‍ കയറിക്കഴിഞ്ഞിരുന്നു. പാഡ്ചെയ്ത മാസ്റ്റര്‍ അവസരത്തിനായി കാത്തു നിന്നു.
നെറ്റ്സിലേക്കു സച്ചിന് ചുവടുവച്ചപ്പോള്‍ പന്തെറിഞ്ഞു കൊടുക്കാന്‍ ഏവരും മത്സരിച്ചു. പ്രാദേശിക ബൗളര്‍മാര്‍ക്കൊപ്പം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവുമൊക്കെ സച്ചിനുനേരെ പേസ് ബോളുകള്‍ തൊടുത്തു.
തുടര്‍ന്ന് പ്രഗ്യാന്‍ ഓജയുടെയും ആര്. അശ്വിന്റെയും വിജയ്യുടെയും സ്പിന്‍ പരീക്ഷണങ്ങളെയും സച്ചിന് നേരിട്ടു. പിന്നാലെ ത്രോ പരിശീലനത്തിനു പോയി.ഒടുവില്‍ ക്യാച്ചിങ് പ്രാക്റ്റീസോടെ 52 മിനിറ്റ് നീണ്ട സെഷന് വിരാമമിട്ടു.
നേരത്തെ, ടീം ബസില്‍ ഈഡന് ഗാര്‍ഡനിലെത്തിയ സച്ചിനെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഊഷ്മളമായി സ്വീകരിച്ചു. ഈഡനില്‍ നടക്കാന്‍ പോകുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാ പ്രതിഭയുടെ രണ്ടര പതിറ്റാണ്ടു നീണ്ട ഐതിഹാസികമായ കരിയറിലെ 199-ാം ടെസ്റ്റ് മത്സരമാണ്. സച്ചിന്റെ അവസാന ടെസ്റ്റിനു തൊട്ടു മുന്നിലെത്തെ കളിയുമെന്ന പ്രത്യേകതയും അതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: