ഓസ്ട്രേലിയക്കെതിരായ ഏഴ് മത്സരങ്ങളുടെ ഏകദിന പരമ്പര ഞായറാഴ്ച കഴിഞ്ഞു. പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി. എന്നാല്‍ അതിനേക്കാള്‍ ഈ കളികള്‍ ഓര്‍മ്മയില്‍ തങ്ങിനില്ക്കുക നിരവധി സ്വപ്നസുന്ദരമായ നിമിഷങ്ങള്‍ സമ്മാനിച്ചതിന്റെ പേരിലാണ്. ഉജ്ജ്വലമായ നിരവധി മുഹൂര്‍ത്തങ്ങള്‍ പരമ്പരയില്‍ പിറവിയെടുത്തു. അതില്‍വെച്ച് ഏറ്റവും പ്രധാനം രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറി തന്നെ.
പരമ്പരയിലെ അവസാന മത്സരത്തില്‍ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രോഹിത്തിന്റെ അവിസ്മരണീയ ഇന്നിംഗ്സ് പിറവിയെടുത്തത്. 158 പന്തുകളില്‍ നിന്ന് 16 സിക്സറുകള്‍, 12 ബൗണ്ടറികള്‍, രോഹിത് അടിച്ചുകൂട്ടിയത് 209 റണ്‍സ്. ഇതോടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയും രോഹിത്തിന് സ്വന്തമായി. സച്ചിനും സെവാഗുമാണ് മുമ്പന്മാര്. രകിക്കറ്റ് ചരിത്രത്തിലാകെ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍, അതു മൂന്നും ഇന്ത്യക്കാരുടേതും. പൂര്‍ത്തിയാകാത്ത ഒരു മത്സരത്തിലേതടക്കം പരമ്പരയില്‍ രോഹിതിന്റെ ബാറ്റില്നിന്നുതിര്ന്നത് 456 റണ്‍സാണ്. അവസാന മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും രോഹിത് തന്നെ. രോഹിതിന് പുറമെ വിരാട് കോഹ്ലിയും പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ കുറിച്ചു.
റെക്കോഡുകളുടെ വെള്ളച്ചാട്ടമായിരുന്നു ഈ പരമ്പരയില്‍. പിന്തുര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍, ഇന്ത്യക്കാരന്റെ പേരിലുള്ള ഏറ്റവും വേഗതയേറിയ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്ന ഇന്നിംഗ്സ്, ഒരുമത്സരത്തിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന പരമ്പര, ഓസ്ട്രേലിയന്‍ താരം നേടിയ ഏറ്റവും വേഗമേറിയ സെഞ്ച്വറി, ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറി… അങ്ങനെയങ്ങനെ.
പരമ്പരയിലെ അവസാന മത്സരത്തില്‍ 16 സിക്സറുകളടിച്ച രോഹിത് ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറടിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വാട്സന്റെ പേരിലുള്ള 15 സിക്സറുകളെന്ന റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് പൂര്‍ണമായും നടന്നത്. ഈ മത്സരങ്ങളില്‍ നിന്നായി 3274 റണ്‍സാണ് ഇരുടീമുകളും അടിച്ചുകൂട്ടിയത്. പൂര്‍ണമാകാതെ ഉപേക്ഷിച്ച ഒരു മത്സരത്തിലെ സ്കോര്‍ കൂടിച്ചേര്‍ത്താല്‍ 3596 റണ്‍സാണ് പരമ്പരയില്‍ പിറന്നത്. ഇതും റെക്കോര്‍ഡാണ്. റിസള്‍ട്ട് ഉണ്ടായ അഞ്ച് മത്സരങ്ങളിലെ പത്ത് ഇന്നിംഗ്സില്‍ ഒമ്പത് തവണയും 300ലേറെ സ്കോര്‍ ചെയ്യപ്പെട്ടു എന്നതും ഈ പരമ്പരയുടെ പ്രത്യേകതയാണ്. പരമ്പരയിലെ ആദ്യമത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ മാത്രമാണ് 300 കടക്കാതിരുന്നത്. ഏറ്റവും സിക്സറുകള്‍ പിറന്ന ദ്വിരാഷ്ട്ര ഏകദിന പരമ്പരയും ഇതുതന്നെയാണ്. പൂര്‍ത്തിയാകാതെ ഉപേക്ഷിച്ച ഒരു മത്സരത്തിലെയടക്കം 107 സിക്സറുകളാണ് പിറന്നത്. 66 എണ്ണം ഓസ്ട്രേലിയയും 41 എണ്ണം ഇന്ത്യയും.
ഈ പരമ്പരയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് താരങ്ങള്‍ 1000 റണ്‍സ് പിന്നിട്ടു. ഇതില്‍ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയാണ് മുന്നില്‍. 22 മത്സരങ്ങളില്‍ നിന്ന് 1098 റണ്‍സാണ് ബെയ്ലി ഈ വര്‍ഷം നേടിയത്. മറ്റു രണ്ടുപേരും ഇന്ത്യക്കാരാണ്. രോഹിത്ശര്‍മ്മയും വിരാട്കോഹ്ലിയും. രോഹിത് 22 മത്സരങ്ങളില്‍ നിന്ന് 1071 റണ്‍സും കോഹ്ലി 28 മത്സരങ്ങളില്‍ നിന്നായി 1033 റണ്‍സും നേടി.കോഹ്ലി ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്. ഏകദിന ചരിത്രത്തില്‍ തുടരെ മൂന്നുവര്‍ഷം 1000 റണ്‍സിലേറെ നേടിയിട്ടുള്ളത് നാലുപേര്‍ മാത്രം. സൗരവ് ഗാംഗുലി (1997-2000), സച്ചിന് ടെണ്ടുല്‍ക്കര്‍ (1996-1998), ധോണി (2007-9) എന്നിവര്‍ മാത്രമാണ് മൂന്നോ അതിലധികമോ വര്‍ഷം തുടരെ ആയിരം റണ്‍സ് തികച്ചവര്‍.
അതുപോലെ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 17 സെഞ്ച്വറികള്‍ തികച്ചതിന്റെ റെക്കോഡും കോഹ്ലി സ്വന്തമാക്കി. 112 ഇന്നിംഗ്സില്‍ നിന്നാണ് വിരാട് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയതയ്. സൗരവ് ഗാംഗുലി 17 സെഞ്ച്വറികള്‍ തികച്ചത് 170 ഇന്നിംഗ്സുകളില്‍. സയീദ് അന്‍വര്‍ 177 ഇന്നിംഗ്സുകളില്‍ നിന്നുമാണ്. മറ്റൊരു ബഹുമതിയും കൂടി കോഹ്ലി സ്വന്തമാക്കി. ഈ പരമ്പരയിലെ രണ്ട് സെഞ്ച്വറികള്‍ക്കും കോഹ്ലി 65 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ജയ്പൂരില്‍ 52 പന്തില്‍നിന്നും നാഗ്പൂരില്‍ 61 പന്തില്‍ നിന്നുമാണ് കോഹ്ലി മൂന്നക്കം കടന്നത്. 65 പന്തില്ത്താഴെ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് മറ്റ് രണ്ടുപേര്‍ മാത്രം. സനത് ജയസൂര്യയും ഷാഹിദ് അഫ്രീഡിയും.
ഏകദിനത്തില്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്സുകളില്‍ അര്‍ദ്ധസെഞ്ച്വറിയോ അതിലധികമോ സ്കോര്‍ രണ്ട് തവണ പിന്നിട്ടിട്ടുള്ള ഏക ബാറ്റ്സ്മാനായും കോലി മാറി. കഴിഞ്ഞ അഞ്ചിന്നിംഗ്സുകളില്‍ കോലിയുടെ പ്രകടനം 68* (സിംബാബ്വെക്കെതിരെ), 61, 100*, 68*, 115*. ഇതിനുമുമ്പ് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28നും ജൂലായ് 21നുമിടയ്ക്കും കോഹ്ലി അഞ്ചിന്നിംഗ്സുകളില്‍ സമാനമായ നേട്ടം കൈവരിച്ചു (133*, 108, 66, 183, 106). സ്കോര്‍ പിന്തുടര്ന്ന് സെഞ്ച്വറികള്‍ നേടുന്നതിലും കോഹ്ലി മിടുക്കനാണ്. സ്കോര്‍ പിന്തുടര്‍ന്ന 64 ഇന്നിംഗ്സുകളില്‍ നിന്ന് 11 തവണ കോഹ്ലി സെഞ്ച്വറി നേടി. 232 രണ്ടാം ഇന്നിംഗ്സുകളില്‍ 17 സെഞ്ച്വറി നേടിയ സച്ചിന്റെ പേരിലാണ് റെക്കോഡ്. ക്രിസ് ഗെയ്ലും സ്കോര്‍ പിന്തുടര്ന്ന് 11 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അത് 132 ഇന്നിംഗ്സുകളില്‍ നിന്ന്.
ഓസ്ട്രേലിയന്‍ നായകന് ജോര്‍ജ് ബെയ്ലിയും ഒരു നാഴികക്കല്ല് പിന്നിട്ടു. ക്യാപ്റ്റനെന്ന നിലയില്‍ ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ 300റണ്‍സില്‍ കൂടുതല്‍ നേടുന്ന ഓസീസ് താരമെന്ന ബഹുമതി ഇനി ബെയ്ലിക്ക് സ്വന്തം. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 295 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിക്കിപോണ്ടിംഗിന്റെ റെക്കോര്‍ഡാണ് ബെയ്ലിക്ക് മുന്നില്‍ വഴിമാറിയത്. 57 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ച ജയിംസ് ഫോക്നര്‍ ഓസ്ട്രേലിയക്കാരന്റെ അതിവേഗ സെഞ്ച്വറിക്കും ഉടമയായി. 66 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഫോക്നര്‍ സ്വന്തം പേരിലാക്കിയത്.
ബൗളര്‍മാരുടെ മരുപ്പറമ്പായി മാറിയ പരമ്പരയായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബര്‍ 30 ഏകദിന ക്രിക്കറ്റില്‍ പുതിയ നിയമം നടപ്പിലായതോടെ ബൗളര്‍മാര്‍ ശരിക്കും തല്ലുകൊള്ളികളായിപ്പോയിയെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയും ചെയ്തു. ഇനി മുതല്‍ ബൗളര്‍മാര്‍ക്ക് പകരം ബൗളിംഗ് മെഷീന് ഉപയോഗിച്ചാല്‍ മതിയെന്ന് ധോണി നാഗ്പൂര്‍ ഏകദിനത്തിനുശേഷം പറഞ്ഞിരുന്നു. പവര്‍പ്ലേ അല്ലാത്തപ്പോഴും സര്‍ക്കിളിന് വെളിയില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമാണ് പുതിയ നിയമത്തോടെ ഫീല്‍ഡിങ് ടീമിന് വിന്യസിക്കാനാകുന്നത്. ഇത് ബാറ്റ്സ്മാന്മാര്ക്ക് കൂടുതല്‍ സഹായകമാകുന്നതും കണ്ടു. ഒപ്പം ഒരിന്നിംഗ്സില്‍ രണ്ട് ന്യൂബോളുകള്‍ ഉപയോഗിക്കാമെന്ന നിയമം വന്നതും ബൗളര്‍മാര്‍ക്ക് തിരിച്ചടിയായി. കളിയുടെ മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചിരുന്ന സ്പിന്നര്‍മാര്‍ക്ക് ഇതോടെ പിച്ചില്‍ നിന്ന് യാതൊരു ആനുകൂല്യവും കിട്ടാതാവുകയും ചെയ്യുന്നതാണ് ഈ പരമ്പരയില്‍ കണ്ടത്.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: