കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), കേരള സര്‍ക്കാറിന്റെ ടൂറിസം-വ്യവസായ വകുപ്പിന്റെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ നാലാമത് എഡിഷന് ഇന്ന് തുടക്കമാകും. നവംബര്‍ 2 വരെ കൊച്ചിയിലെ ഹോട്ടല്‍ ലേ മെറീഡിയനിലാണ് പരിപാടി അരങ്ങേറുന്നത്.
വൈകീട്ട് 4 മണിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍. ഇന്ത്യന്‍ ഹെല്‍ത്ത് ടൂറിസം മേഖലയിലെ പുതിയ പ്രവണതകളും അവസരങ്ങളും മനസ്സിലാക്കാന്‍ ഏറ്റവും അനുയോജ്യമായ വേദിയൊരുക്കുകയാണ് കോണ്‍ഫറന്‍സുകളും പ്രദര്‍ശനവും ഉള്‍പ്പെടുന്ന കേരള ഹെല്‍ത്ത് ടൂറിസം 2013. പ്രമുഖ ആശുപത്രികള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍, നയതന്ത്രജ്ഞര്‍, ടൂറിസം പ്രൊമോഷന് ബോര്‍ഡുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹെല്‍ത്ത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നീ മേഖലകളില്‍ നിന്നുള്ളവരും ഹെല്‍ത്ത് ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
ഡെന്റല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രത്യേക പവലിയനാണ് ഈ വര്‍ഷത്തെ കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ സവിശേഷത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ ബാബു, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. അന്താരാഷ്ട്ര പ്രതിനിധികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമാവും. ആസ്റ്റര്‍ മെഡിസിറ്റിയുടെയും ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡിഎം വിംസിന്റെയും ചെയര്‍മാനായ ഡോ ആസാദ് മൂപ്പനാണ് കോണ്‍ഫറന്‍സിന്റെ ചെയര്മാന്.
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടര്‍ പി വി ആന്റണിയാണ് വൈസ് ചെയര്മാന്. കേരള സര്‍ക്കാറിന്റെ വ്യവസായ-ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് ഐഎഎസ്, ഗാബണ്‍ അംബാസഡര്‍ ഡിസൈര്‍ കൂംബ, നൈജീരിയന്‍ അംബാസഡര്‍ അലി ഇല്യാസു, ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് റെഗുലേഷന് വകുപ്പ് ഡയറക്ടര്‍ ഡോ റമദാന് ഇബ്രാഹിം മുഹമ്മദ് അഹമ്മദ് അല്‍ബ്ലൂഷി തുടങ്ങിയവരാണ് കോണ്‍ഫറന്‍സിലെ മുഖ്യപ്രഭാഷകര്‍.
ഹെല്‍ത്ത് ടൂറിസത്തിന്റെ വികാസത്തിനുള്ള നയരൂപീകരണം, ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ടൂറിസം രംഗത്തെ വെല്ലുവിളികള്‍, കൂടുതല്‍ വളര്‍ച്ചയ്ക്കായി അന്താരാഷ്ട്ര ബന്ധങ്ങള്‍, ഹെല്‍ത്ത്കെയറിന്റെ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ കേരളത്തിനുള്ള സാധ്യതകളും പ്രശ്നങ്ങളും, ഡെന്റര്‍-കോസ്റ്റമറ്റിക്-ഓര്‍ത്തോപ്പെഡിക് മേഖലയില്‍ ഹെല്‍ത്ത് ടൂറിസത്തിനുള്ള സാധ്യതകള്‍, വലിയ ബ്രാന്റാക്കി മെഡിക്കല്‍ ടൂറിസത്തെ മാറ്റാനുള്ള വഴികള്‍ എന്നിവയാണ് കോണ്ഫറന്സുകളിലെ ചര്‍ച്ചാവിഷയങ്ങള്‍. നവംബര്‍ 1, 2 തിയ്യതികളിലായി നടക്കുന്ന ഹെല്‍ത്ത് ടൂറിസം എക്സിബിഷനില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: