ഗുവാഹത്തി: സഞ്ജു വി. സാംസന്റെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ആസാമിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. ആസാമിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 323 റണ്‍സിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സില്‍ 362 റണ്‍സെടുത്തു. സഞ്ജു വി. സാംസണ് നേടിയ 211 റണ്‍സാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. സഞ്ജുവിന്റെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണിത്.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആസാം മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 13 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സോടെ പല്ലവ്കുമാര് ദാസും എട്ട് റണ്‍സുമായി ധീരജ് ജാദവുമാണ് ക്രീസില്‍.
113ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സ്കോര്‍ 193-ല്‍ എത്തിയപ്പോഴാണ് വിക്കറ്റ് നഷ്ടമായത്. ഒരു റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച അന്താഫ് 19 റണ്‍സെടുത്ത് സെയ്ദ് മുഹമ്മദിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീടെത്തിയ റോബര്‍ട്ട് ഫെര്‍ണാണ്ടസ് സഞ്ജുവിന് ഭേദപ്പെട്ട പിന്തുണ നല്കി. എന്നാല്‍ സ്കോര്‍ 263-ല്‍ എത്തിയപ്പോള്‍ 27 റണ്‍സെടുത്ത ഫെര്‍ണാണ്ടസ് പുറത്തായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന് ബേബി എട്ട് റണ്‍സെടുത്തും വി. മനോഹരന് ഒരു റണ്‍സെടുത്തും പുറത്തായതോടെ കേരളം 7ന് 298 എന്ന നിലയിലായി. തുടര്‍ന്നെത്തിയ സി.പി. ഷാഹിദിനെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ ഒറ്റയാള്‍ പോരാട്ടം കേരളത്തെ മികച്ച സ്കോറിലെത്തിച്ചു. സ്കോര്‍ 357-ല്‍ എത്തിയ ശേഷമാണ് കേരളത്തിന്റെ എട്ടാം വിക്കറ്റ് നഷ്ടമായത്.
ഇതിനിടെ സഞ്ജു തന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 337 പന്തുകളില്‍ നിന്ന് 23 ബൗണ്ടറികളും അഞ്ച് സിക്സറുമടക്കം 211 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. സെയ്ദ് മുഹമ്മദിന്റെ പന്തില്‍ പല്ലവ്കുമാര് ദാസിന് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ യൂത്ത് ടീം അംഗമായ സഞ്ജു പുറത്തായത്. പിന്നീട് അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ കേരളത്തിന് കഴിഞ്ഞുള്ളൂ. ആസാമിന് വേണ്ടി ആര്‍ലന്‍ കന്‍വറും സെയ്ദ് മുഹമ്മദും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: