ന്യൂദല്‍ഹി: സര്‍ക്കാര്‍ സൈബര്‍ ഇടപെടലിന് ഒരുങ്ങുന്നു.സുരക്ഷാകാരണങ്ങളാല്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഈ വര്‍ഷം അവസാനത്തോടെ ജിമെയില്‍,യാഹൂ തുടങ്ങിയ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തലാക്കുന്നു. പകരം ഔദ്യോഗിക ഇ-മെയില്‍ സേവനമായ എന്ഐസിലേക്ക് മാറാനാണ് തീരുമാനം. ഇതോടെ സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും എന്ഐസിയിലൂടെയായിരിക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ ഇ-മെയില്‍ ഉപയോഗം സംബന്ധിച്ച നയത്തിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് ഏകദേശം രൂപം നല്‍കിക്കഴിഞ്ഞു. മറ്റു മന്ത്രാലയങ്ങളില്‍ കൂടി ഈ നിര്‍ദ്ദേശം പ്രാബല്യത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മറ്റ് ഇ-മെയില്‍ സര്‍വ്വീസുകളായ യാഹൂ, ജിമെയില്‍, ഹോട്ട് മെയില്‍ തുടങ്ങിയവ സ്വകാര്യ ഇ-മെയില്‍ സേവനദാതാക്കളാണ്.
ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ ഇ-മെയില്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വരികയും പല രാജ്യങ്ങളും പ്രതിഷേധം അറിയിക്കുകയും ചെയ്തതോടെയാണ് പുതിയ തീരുമാനത്തിനായി ഇന്ത്യയെ പ്രേരിപ്പിച്ചത്. അഞ്ച് ലക്ഷം മുതല്‍ ആറ് ലക്ഷം വരെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഇ-മെയില്‍ ഉപയോഗിക്കുന്നു. അവരെ എന്‍ഐസി ഇ-മെയില്‍ സേവനത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയും ഇപ്പോള്‍ ആവിഷ്കരിക്കുന്നുണ്ട്.
ഇ-മെയില്‍ സര്‍വീസുകളുടെ ഉപയോഗത്തിന് നിര്‍ദ്ദേശങ്ങളടങ്ങിയ നയത്തിന്റെ കരട് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് തയ്യാറാക്കി വരികയാണ്. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ സംബന്ധിക്കുന്ന അതീവരഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോരാതെ സൂക്ഷിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാകുന്നതോടെ അമ്പതു മുതല്‍ 100 കോടി രൂപ വരെ ചെലവ് വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: