മദനിയുടെ പേരില്‍ മക്കളും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. ആവനാഴിയിലെ ആയുധങ്ങളെല്ലാം തുരുമ്പെടുത്തുനശിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏറ്റവുമൊടുവിലായി പിഡിപിക്കാര്‍ അതും പരീക്ഷിക്കുന്നു. ജീവന്‍തരാം മദനിയെ തരൂ, മദനിമോചനത്തിനായി ജനകീയ കൂട്ടായ്മ, മദനിയുടെ ജീവന് അപകടത്തില്‍, മദനിക്കായി മനുഷ്യസ്നേഹികളെ കൈകോര്ക്കു…. തുടങ്ങി മുന്നോട്ടുവച്ച എല്ലാ മുദ്രാവാക്യങ്ങളും ചീറ്റിയപ്പോള്‍ കുട്ടികുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുകയെന്ന പഴംചൊല്ല് അന്വര്‍ത്ഥമാകുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മദനി-സൂഫിയ ദമ്പതികളുടെ മക്കളായ ഉമറുല്‍ മുഖ്ത്താറും സലാഹുദീന്‍ അയൂബിയുമാണ് ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസമിരുന്ന് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നത്.
ജനം തള്ളിക്കളഞ്ഞ ഒരു പാര്‍ട്ടി. വര്‍ഗീയത കൈമുതലാക്കിയ, വിധ്വംസകപ്രവര്‍ത്തനത്തിന് പരസ്യമായി ആഹ്വാനം ചെയ്ത പഴയ ഐഎസ്എസിന്റെ ബാക്കിപത്രം-പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി). മദനിക്ക് വേണ്ടി മുതലകണ്ണീരൊഴുക്കുന്ന ഒരുപറ്റം രാഷ്ട്രീയക്കാരുടെയും സാമൂഹ്യസാംസ്കാരിക നേതാക്കളുടെയും മാത്രം പിന്തുണയില്‍ മീശ കിളിര്‍ക്കാത്ത കുരുന്നുകളെ ‘മദനിമോചന’ പോരാട്ടത്തിനിറക്കുകയാണ്. എല്ലാ അടവും പയറ്റി തോല്വിയടഞ്ഞപ്പോഴാണ് പിഡിപിക്കാര്‍ പുത്തന്തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായി പരപ്പനാര ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയെന്ന ഇസ്ലാമികഭീകരവാദത്തിന് തെക്കന്‍ കേരളത്തില്‍ വേരോട്ടമുണ്ടാക്കിയ ‘മനുഷ്യന്’ നീതി ഉറപ്പാക്കണമത്രെ. കര്‍ണാടകം ബിജെപി സര്‍ക്കാര്‍ ഭരിച്ച കാലത്ത് ബിജെപിയോടായിരുന്നു വിരോധം. ജയലളിത കൊല്ലാതെ വിട്ട തന്നെ കൊല്ലാനാണ് പദ്ധതിയെന്നായിരുന്നു പോലീസ് വാഹനത്തില്‍ കര്‍ണാടകത്തിലേക്ക് പുറപ്പെടുമ്പോഴുള്ള മദനിയുടെ വിലാപം. മദനി മരണാസന്നനായിരിക്കുന്നുവെന്നും പോരാടാന്‍ ഇനി ശക്തിയില്ലെന്നും കര്‍ണാടകയില്‍ ഇനി കോണ്‍ഗ്രസ് വന്നാലെ രക്ഷയുള്ളൂ എന്നും ജില്ലകള്‍ തോറും വാര്‍ത്താസമ്മേളനം വിളിച്ചറിയിക്കുകയും അണികളെ കൊണ്ട് പ്രചരിപ്പിക്കുകയും ചെയ്ത പാര്‍ട്ടിനേതൃത്വം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വന്നതോടെ തെല്ലൊന്ന് ആശ്വസിച്ചെങ്കിലും മദനിയുടെ കാര്യം മാത്രം തഥൈവ ആയി തുടര്‍ന്നു. കോണ്‍ഗ്രസ് ഭരണകൂടം അധികാരത്തിലെത്തുമ്പോള്‍ പിഡിപിക്കാര്‍ നിലത്തൊന്നുമായിരുന്നില്ല. ഷുഗറുകാരെ വരെ നിര്‍ബന്ധിച്ച് ലഡു കഴിപ്പിച്ചു. മദനിയെ തൊട്ടടുത്ത ദിവസം തന്നെ ജയില്മോചിതനാക്കുമെന്ന് ഉറപ്പുകിട്ടിയപോലെയായിരുന്നു കേരളത്തിലെ അവരുടെ പ്രകടനം.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ പിഡിപി കോണ്‍ഗ്രസിന്റെ തട്ടിപ്പ് നയത്തോട് മൗനം പാലിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള സമരാഭാസപാതയില് അണിചേര്ന്നിരിക്കുകയാണിപ്പോള്. അതാകട്ടെ മുസ്ലിംസംയുക്തവേദിയെന്ന പേരിലും.
രാഷ്ട്രീയം രാഷ്ട്രത്തിന് വേണ്ടിയാണ്. അതിന്റെ മാന്യതയും അന്തസും കളഞ്ഞുകുളിച്ചത് കോണ്‍ഗ്രസാണ്. സര്‍വോപരി ബ്രട്ടീഷുകാരന്റെ ന്യൂനപക്ഷപ്രീണനതന്ത്രങ്ങളാണ്. ചോരയില്‍ പോലും മതേതരത്വം ഇല്ലാതെ നിരന്തരം അതവകാശപ്പെടുന്ന, വര്‍ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷവും ന്യൂനപക്ഷവര്‍ഗീയതയെ ആളികത്തിക്കുന്ന സമീപനം സ്വീകരിച്ചു. ശംഖുമുഖത്ത് മദനിയുടെ വെപ്പുകാല് വരെ നെഞ്ചോടുചേര്‍ത്ത് കണ്ണിമ നനച്ചഭിനയിച്ച ചില വേന്ദ്രന്മാര് ഇടതുപക്ഷത്തുണ്ട്. അതിനെ വെല്ലുന്ന പ്രകടനം കോണ്‍ഗ്രസും വാക്കാലും പ്രവര്‍ത്തിയാലും പിന്നീട് കാഴ്ച വച്ചതാണ്. ശരിക്കും രണ്ട് വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി നടത്തുന്ന ഇത്തരം പ്രീണനരാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എയെസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: