കൊല്ലം: മാലിന്യം കുമിഞ്ഞുകൂടിയ അഷ്ടമുടിക്കായലില്‍ ലക്ഷങ്ങള്‍ പൊടിച്ച് ജില്ലാ ഭരണകൂടം വള്ളംകളിക്കാന് ഒരുങ്ങുമ്പോള്‍ നെറ്റിചുളിക്കുകയാണ് നാട്ടുകാര്‍. കേരളപ്പിറവിദിനത്തിലാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പേരില്‍ മൂന്നാംതവണയും മാലിന്യക്കായലില്‍ എംപിയും കളക്ടറുമൊക്കെച്ചേര്ന്ന് വള്ളംകളിക്കൊരുങ്ങുന്നത്. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന്റെ നിര്‍ദിഷ്ടപദ്ധതികള്‍ കടലാസിലുറങ്ങുമ്പോഴാണ് കൊല്ലം നിവാസികള്‍ക്ക് കൗതുകക്കാഴ്ചയക്കപ്പുറം യാതൊരു ബന്ധവുമില്ലാത്ത ജലമാമാങ്കമെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു.
കൊല്ലം നഗരത്തിന്റെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മൂന്ന് വര്‍ഷം മുമ്പ് എംപി എന്‍. പീതാംബരക്കുറുപ്പിന്റെ മുഖ്യകാര്മികത്വത്തിന് ആദ്യ വള്ളംകളി കായലില്‍ അരങ്ങേറിയത്. പ്രദേശത്ത് ആരംഭിച്ച പഞ്ചനക്ഷത്രഹോട്ടലിന്റെ പ്രചാരം വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ രാഷട്രപതിയുടെ പേരില്‍ തുടങ്ങിയ ജലോത്സവത്തിന്റെ ലക്ഷ്യമെന്ന് അന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തന്നെ ആദ്യജലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതും രണ്ടുനാള്‍ സ്വകാര്യഹോട്ടലില്‍ തങ്ങിയതും അന്ന് വിവാദമായിരുന്നു.
ലക്ഷങ്ങള്‍ ചെലവഴിച്ച് ചില സ്വകാര്യവ്യക്തികള്‍ക്ക് വേണ്ടിയാണ് വള്ളംകളി നടത്തുന്നതെന്ന ആരോപണം മൂന്നാം വര്‍ഷവും സംഘാടകരെ പിന്തുടരുകയാണ്. നഗരത്തിന്റെ മാലിന്യക്കുപ്പയായി കോര്‍പ്പറേഷനും അധികാരികളും ചേര്‍ന്ന് മാറ്റിയെടുത്ത കുരീപ്പുഴപ്രദേശത്തിന്റെ ധാര്‍മികമായ പ്രതിഷേധവും വള്ളംകളിയുടെ തുടക്കം മുതല്‍ ഒപ്പമുണ്ട്. സംസ്ഥാനത്തെ ഏറ്റും വലിയ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് അഷ്ടമുടിക്കായലെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങള്‍ നേരെ കായലിലേക്കാണ് ഇപ്പോഴും ഒഴുകുന്നതെന്ന് ഭരണകൂടത്തിന്റെ പ്രതിനിധികളും സമ്മതിക്കും. അറവുശാലയിലെ മാലിന്യങ്ങളും നിര്‍ബാധം കായലിലേക്ക് ഒഴുകുകയാണ്. മാലിന്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ പദ്ധതികളും മോണിറ്ററിംഗ് സെല്ലുകളും നിലവിലുണ്ടെങ്കിലും നടപടികള്‍ ഒന്നുമാകുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കായലിന്റെ ഓരം നികത്തി നിര്‍മിച്ച ലിങ്ക് റോഡിലൂടെയുള്ള യാത്ര ദുര്‍ഗന്ധം കൊണ്ട് മൂക്കിന്റെ പാലം തകര്‍ക്കാന്‍ പോരുന്നതാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ആദ്യം വേണ്ടത് കായലിന്റെ വിശുദ്ധി വീണ്ടെടുക്കുകയാണെന്ന് പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിന് മുതിരാതെ എല്ലാവര്‍ഷവും കേരളപ്പിറവി ദിനത്തില്‍ അഷ്ടമുടിയിലെ മാലിന്യക്കൂമ്പാരത്തില്‍ വള്ളംകളി നടത്താനാണ് അധികാരികള്‍ ശ്രദ്ധകാട്ടുന്നതെന്നാണ് ആരോപണം. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും കൊല്ലവും തമ്മിലുള്ള ബന്ധത്തിന് പുതിയ പാരമ്പര്യം തെരയുകയാണ് വള്ളംകളിയുടെ ഗുണഭോക്താക്കള്‍.
പണ്ടേതോ ബ്രിട്ടീഷ് രാജ്ഞി കൊല്ലത്തുവന്നപ്പോള്‍ അവരെ ആനന്ദിപ്പിക്കാന്‍ അഷ്ടമുടിക്കായലില്‍ സംഘടിപ്പിച്ച ജലോത്സവമാണ് കേരളത്തിലെ ആദ്യത്തെ വള്ളംകളിയെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ഇപ്പോള്‍ ഏത് സായിപ്പിന് വേണ്ടിയാണ് ജലോത്സവം നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ. നരോന്ദ്രന് ആവശ്യപ്പെട്ടു. എണ്ണമറ്റ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ജില്ലയില്‍ അതിനൊന്നും പരിഹാരം കാണാന്വേണ്ടുന്ന ഭരണപരമായ നടപടികള്‍ സ്വീകരിക്കാത്തവര്‍ വള്ളംകളിക്കായി കാണിക്കുന്ന ജാഗ്രതയും കരുതലും കൗതുകകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: