മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിജയം. മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും കരുത്തരായ പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ബയേര്‍ ലെവര്‍ക്യൂസനും മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഷ്ടിച്ച് രക്ഷപ്പെട്ടു.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരെ സെല്‍ഫ് ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുണയായത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ പാട്രിക് എവ്റയുടെ പാസ് സ്വീകരിച്ച് സൂപ്പര്‍ താരം വെയ്ന്‍ റൂണി തൊടുത്ത ഷോട്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സോസിഡാഡിന്റെ ഇനിഗോ മാര്‍ട്ടിനസിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു. സൂപ്പര്‍ സ്ട്രൈക്കറായ റോബിന് വാന്‍ പെഴ്സിയുടെ അഭാവം യുണൈറ്റഡ് നിരയില്‍ പ്രതിഫലിച്ചു. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവമാണ് യുണൈറ്റഡിന് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയാതെ പോയതിന് കാരണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബയേര്‍ ലെവര്ക്യൂസന് സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഷക്തര്‍ ഡൊണ്സ്റ്റെകിനെ കീഴടക്കി. ലെവര്ക്യൂസന് വേണ്ടി സ്റ്റെഫാന്‍ കിബ്ലെംഗ് രണ്ട് ഗോളുകള്‍ നേടി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് എ ഗ്രൂപ്പില മുന്നിട്ടുനില്‍ക്കുന്നത്. ലെവര്ക്യൂസന് അത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റും ഷക്തറിന് നാല് പോയിന്റുമാണുള്ളത്. മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട റയല്‍ സോസിഡാഡിന് ഇതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് ജുവന്റസിനെതിരെ റയല്‍ മാഡ്രിഡിന് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഏകദേശം പകുതി സമയത്തോളം 10 പേരുമായാണ് ജുവന്റസ് കളിച്ചത്. മത്സരത്തിന്റെ നാലാം മിനിറ്റിലാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ഏയ്ഞ്ചല്‍ ഡി മരിയ നല്കിയ പാസില്‍ നിന്നാണ് ക്രിസ്റ്റ്യനോ ജുവന്റസ് വല കുലുക്കിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ റൊണാള്‍ഡോയുടെ 56-ാം ഗോളായിരുന്നു ഇത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ജുവന്റസ് 22-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലോറന്റെയിലൂടെ സമനില പിടിച്ചു. എന്നാല്‍ ജുവന്റസിനെ ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല. 27-ാം മിനിറ്റില്‍ റയലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. സെര്‍ജിയോ റാമോസിനെ ബോക്സിനുള്ളില്‍ വെച്ച് ചില്ലച്ചെനി വലിച്ചിട്ടതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോ ഒരു പഴുതും നല്‍കാതെ പന്ത് വലയിലെത്തിച്ചു. പിന്നീട് മത്സരത്തിന്റെ 48-ാം മിനിറ്റില്‍ രണ്ടാം ചുവപ്പുകാര്‍ഡ് കണ്ട ജുവന്റസിന്റെ ചില്ലച്ചെനിക്ക് മാച്ചിംഗ് ഓര്‍ഡറും ലഭിച്ചു. പിന്നീട് പത്തുപേരുമായി കളിച്ചാണ് താരനിബിഡമായ റയല്‍ നിരയെ ജുവന്റസ് കൂടുതല്‍ ഗോളുകള്‍ അടിക്കാന്‍ സമ്മതിക്കാതെ വരിഞ്ഞുമുറുക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തുര്‍ക്കി ചാമ്പ്യന്മാരായ ഗലത്സരെ ഡെന്മാര്ക്ക് ക്ലബ്ബ് എഫ്സി കോപ്പെന്ഹേഗനെതിരെ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗലത്സരെ ഡാനിഷ് പടയെ കെട്ടുകെട്ടിച്ചത്. ഗലത്സരെക്ക് വേണ്ടി ഫിലിപ്പെ മെലേ, സ്നൈഡര്‍, ദിദിയര്‍ ദ്രോഗ്ബ എന്നിവരാണ് ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിന്റെ 88-ാം മിനിറ്റില്‍ ക്ലോഡിമെറാണ് കോപ്പന്‍ഹേഗന്റെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി റയല്‍ മാഡ്രിഡ് ഒന്നാമതാണ്. 4 പോയിന്റുള്ള ഗലത്സരെ രണ്ടാമതും 2 പോയിന്റുള്ള ജുവന്റസ് മൂന്നാമതുമാണ്.
ഗ്രൂപ്പ് സി യില്‍ ഫ്രഞ്ച് കരുത്തന്മാരായ പിഎസ്ജി എവേ മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയം ടീമായ ആന്‍ഡെര്‍ലെക്റ്റിനെ തകര്‍ത്തുവിട്ടു. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ലീഗില്‍ അത്ഭുതഗോള്‍ നേടിയ സൂപ്പര്‍ താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച് ഹാട്രിക്കടക്കം നാല് ഗോളുകള്‍ നേടി. 17, 22, 36, 62 മിനിറ്റുകളിലാണ് ഇബ്ര ആന്‍ഡെര്‍ലെക്റ്റ് വല കുലുക്കിയത്. ഒരു ഗോള്‍ ഉറുഗ്വെതാരം എഡിസണ് കവാനിയും സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ടീം ബെനഫിക്കയും ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റുമായി പിഎസ്ജിയാണ് മുന്നില്‍. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഒളിമ്പിയാക്കോസിനും ബെനഫിക്കക്കും നാല് പോയിന്റ് വീതമാണുള്ളത്.
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിഎസ്കെ മോസ്കോയെയും നിലവിലെ കിരീട ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ചെക്ക് ടീം വിക്ടോറിയ പ്ലസനെയും തകര്‍ത്തു. മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ ഫ്രാങ്ക് റിബറയുടെ ഇരട്ട ഗോളുകളും ഡേവിഡ് അലാബ, ഷ്വയ്ന്‍സ്റ്റീഗര്‍, മരിയോ ഗോട്സെ എന്നിവരുടെ ഗോളുകളുമാണ് ബയേണിന് ഗംഭീര വിജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ട ഗോളുകളാണ് സിഎസ്കെ മോസ്കോക്കെതിരായ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മികച്ച വിജയം സമ്മാനിച്ചത്. 32-ാം മിനിറ്റില്‍ ടോസിക് നേടിയ ഗോളിന് സിറ്റി പിന്നിലായിരുന്നു. 34, 42 മിനിറ്റുകളില്‍ അഗ്യൂറോ സിഎസ്കെ വല കുലുക്കിയതോടെ സിറ്റി വിജയം സ്വന്തമാക്കുകയായിരുന്നു. മൂന്ന് കളികളില്‍ നിന്ന് 9 പോയിന്റുമായി ബയേണ്‍ മ്യൂണിക്കും ആറ് പോയിന്റുമായി സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മൂന്ന് പോയിന്റുമായി സിഎസ്കെ മോസ്കോയാണ് മൂന്നാമത്് വിക്ടോറിയ പ്ലസന് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിലും വിക്ടോറിയ തോല്‍വി നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: