ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ ബാഴ്സ സമനിലയില്‍ കുരുങ്ങിയപ്പോള്‍ ചെല്‍സിക്കും അത്ലറ്റികോ മാഡ്രിഡിനും ഗംഭീര വിജയം. എന്നാല്‍ കരുത്തരായ ആഴ്സണലിന് സ്വന്തം മൈതാനത്ത് തിരിച്ചടി നേരിട്ടു. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ഗണ്ണേഴ്സിനെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ തകര്‍ത്തത്. ചെല്‍സിയും അത്ലറ്റികോയും മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഷാല്‍ക്കെയെയും ആസ്ട്രിയ വിയന്നയെയും പരാജയപ്പെടുത്തിയപ്പോള്‍ ബാഴ്സ എസി മിലാനോടാണ് 1-1ന് സമനിലയില്‍ പിരിഞ്ഞത്.
കഴിഞ്ഞയാഴ്ച സ്പെയിനില്‍ ഒസാസുനക്കെതിരേ ഗോളടിക്കാതെ സമനിലയില്‍ കുടുങ്ങിയ ബാഴ്സലോണ സൂപ്പര്‍താരം മെസ്സി നേടിയ ഗോളിലായിരുന്ന മിലാനെ പിടിച്ച നിര്‍ത്തിയത്. ഗ്രൂപ്പ് എച്ചില് നടന്ന മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ റൊബീഞ്ഞോയിലൂടെയാണ് എസി മിലാന് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 23-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്സയുടെ സമനില ഗോള്‍ നേടി. ഈ സീസണില്‍ ബാഴ്സക്ക് വേണ്ടി മെസ്സി നേടുന്ന 12-ാം ഗോളായിരുന്നു ഇത്. പിന്നീട് മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനം നടത്തിയിട്ടും വിജയഗോള്‍ മാത്രം വിട്ടുനിന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അയാക്സിനെ ഒനിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സെല്‍റ്റിക് ആദ്യ വിജയം കരസ്ഥമാക്കി. 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജെറാം ഫോറസ്റ്റും 53-ാം ബെറാം കായലും സെല്‍റ്റിക്കിനായി ഗോളുകള്‍ നേടി. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ലാസ് ഷോണാണ് അയാക്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ബാഴ്സ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. അഞ്ച് പോയിന്റുള്ള എസി മിലാന് രണ്ടാമതും മൂന്ന് പോയിന്റുമായി സെല്‍റ്റിക് മൂന്നാമതുമാണ്.
നിലവിലെ റണ്ണേഴ്സ് അപ്പ് ജര്‍മ്മന്‍ ടീം ബോറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സണല്‍ മുട്ടുകുത്തിയത്. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ അര്‍മീനിയന്‍ താരം ഹെന്റിക് എംഖിട്ടാര്യന് നേടിയ ഗോളില്‍ മുന്നിലെത്തിയ ബൊറൂസിയയെ ഒളിവര്‍ ഗിറൗഡിലൂടെ ആഴ്സണല്‍ സമനിലയില്‍ തളച്ചു.എന്നാല്‍ 82-ാം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സികി നേടിയ തകര്‍പ്പന്‍ ഗോളിലൂടെ ബൊറൂസിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ സീരി എ ടീമായ നപ്പോളി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്സെലെ തകര്‍ത്തു. നപ്പോളിക്ക് വേണ്ടി കല്ലഗനും സപാട്ടയും ഗോളുകള്‍ നേടി. ഗ്രൂപ്പില്‍ ബൊറൂസിയക്കും ആഴ്സണലിനും ആറ് പോയിന്റ് വീതമുണ്ട്.
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ജര്‍മ്മന്‍ ക്ലബ് എഫ്സി ഷാല്‍ക്കേയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുരത്തി. സ്പാനിഷ്ഠാരം ഫെര്‍ണാണ്ടോ ടോറസിന്റെ ഇരട്ട ഗോളുകളും (5, 68 മിനിറ്റുകളില്‍) ഈഡന് ഹസാഡിന്റെ 87-ാം മിനിറ്റിലെ ഗോളുമാണ് ചെല്‍സിയെ എവേ മത്സരത്തില്‍ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത്. ഗോളുമായിരുന്നു ചെല്‍സിയെ തുണച്ചത്. ആദ്യ ഗോള്‍ നേടിയതോടെ ചെല്‍സിക്കായി ടോറസ് 100 ഗോളുകള്‍ തികച്ചു. മറ്റൊരു മത്സരത്തില്‍ സ്റ്റീവ ബുക്കാറസ്റ്റും ബാസലും 1-1ന് സമനിലയില്‍ പിരിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ചെല്‍സിയാണ് ഗ്രൂപ്പില്‍ മുന്നില്‍. ഷാല്‍ക്കെക്കും ആറ് പോയിന്റുണ്ടെങ്കിലും ഗോള്‍ ആവറേജില്‍ രണ്ടാം സ്ഥാനത്താണ്.
ഗ്രൂപ്പ് ജിയില്‍ അത്ലറ്റികോ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആസ്ട്രിയ വിയന്നയെ തകര്‍ത്ത് തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. 8-ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയും 20, 53 മിനിറ്റുകളില്‍ ഡീഗോ കോസ്റ്റയുമാണ് അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഏകപക്ഷീയമായ ഒരു ഗോളിന് എഫ്സി പോര്‍ട്ടോയെ കീഴടക്കി. 6-ാം മിനിറ്റില്‍ മിഗ്വെയ്ല് ഹെരേര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം 10 പേരുമായി കളിച്ച പോര്‍ട്ടോക്കെതിരെ 85-ാം മിനിറ്റില്‍ അലക്സി കെര്ഷകോവാണ് സെനിതിന്റെ വിജയ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: