ഭോപാല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന് ടെന്‍ഡുല്‍ക്കറിന് പകരം വയ്ക്കാനാരുമില്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ്മ പറഞ്ഞു.
മത്സരം വിജയിപ്പിക്കാന്‍ സച്ചിനോളം കഴിവുള്ള താരം വേറെയില്ലെന്നും ശര്‍മ്മ വ്യക്തമാക്കി. തന്റെ 200-ാമത്തേയും അവസാനത്തേയും മത്സരം വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയിലെ വാങ്കഡേയിലാണെന്ന് സച്ചിന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒരു കളിക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏകദിന മത്സരത്തില്‍ ഇഷാന്ത് ശര്‍മ്മ മോശം രീതിയിലാണ് പന്തെറിഞ്ഞതെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് ഇഷാന്തിന് തിരിച്ച് ടീമിലെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മത്സരത്തിലെ 48-ാം ഓവറില്‍ 30 റണ്‍സാണ് ഇഷാന്ത് വിട്ടുകൊടുത്തത്. ഒക്ടോബര്‍ 19ന് മൊഹാലിയില്‍ നടന്ന മത്സരം ഓസ്ട്രേലിയയുടെ കൈപിടിയിലൊതുങ്ങാന് കാരണമായതും ഈ ഓവര്‍ തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: