ന്യൂദല്‍ഹി: വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ വിശദാംശങ്ങള്‍ വേണമെന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യത്തിന് പിന്തുണ നല്കുന്ന നിലപാടുമായി സ്വിറ്റ്സര്‍ലന്‍ഡ്. നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാനും നികുതി കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാണെന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ വിദേശരാജ്യങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരാന്‍ വഴിയൊരുങ്ങുന്നത്.
നിക്ഷേപകരുടെ വിശദാംശങ്ങള്‍, നിക്ഷേപത്തിന് നല്‍കിവരുന്ന നികുതി തുടങ്ങിയ വിവരങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.
സ്വിസ് നാഷണന്‍ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് 2012 അവസാനം വരെ 9,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കിലുള്ളത്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആകെ നിക്ഷേപമാകട്ടെ 90 ലക്ഷം കോടിയും. കള്ളപ്പണം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തില്‍ 2006 മുതല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ വന്‍ കുറവുണ്ടെന്നും 2006-2010 കാലയളവില്‍ ഇത് പതിനാലായിരം കോടിയായി കുറഞ്ഞെന്നും വ്യക്തമാക്കിയിരുന്നു.
നിക്ഷേപകരുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിന് മേല്‍ വന്സമ്മര്ദ്ദമുണ്ടായിരുന്നു. നികുതിയില്‍ നിന്ന് രക്ഷപ്പെടാനും അനധികൃത സമ്പാദ്യം മറച്ചുവയ്ക്കാനും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടത്. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നികുതി കാര്യങ്ങളില്‍ പരസ്പരസഹായത്തോടെയുള്ള പ്രവര്‍ത്തനത്തിനുള്ള ഉടമ്പടിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് ഒപ്പുവയ്ക്കേണ്ടി വന്നു.
കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പാരീസിലെ സാമ്പത്തിക സഹകരണ – വികസന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഇത്തരത്തിലൊരു ഉടമ്പടി. ഇന്ത്യ ഉള്‍പ്പെടെയുള്ള 58 രാജ്യങ്ങളും ഈ കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്. കരാര്‍ അനുസരിച്ച് അനധികൃത ഫണ്ടുകളെക്കുറിച്ചും നികുതിത്തട്ടിപ്പുകളെക്കുറിച്ചും ഓരോ രാജ്യവും മറ്റ് രാജ്യങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കണം. കള്ളപ്പണ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ സ്വിസ് ബാങ്ക് അധികൃതര്‍ പുറത്തുവിടുന്നതോടെ സ്വിസ് കള്ളപ്പണനിക്ഷേപത്തെക്കുറിച്ച് കാലങ്ങളായുള്ള ഊഹാപോഹങ്ങളും രഹസ്യങ്ങളുമാണ് വെളിച്ചത്ത് വരാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: