ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന് സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനം-പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിക്കുന്നു. വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി ഡോ.വി.രാജഗോപാലന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പശ്ചിമഘട്ടത്തിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അതീവ പാരിസ്ഥിതിക പ്രധാനമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം നിയമന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കാനും വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ നിയമ സാധുത പരിശോധിക്കുന്നതിനാണ് ഉത്തരവ് നിയമവകുപ്പിലേക്ക് വിടുന്നത്.
പശ്ചിമഘട്ടം കടന്നുപോകുന്ന ആറു സംസ്ഥാനങ്ങളുടെ പ്രതിനിധികളും മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതാധികാര സമിതിയില്‍ ഉണ്ടാകണമെന്ന അഭിപ്രായം വകുപ്പിന്റെ മുന്നിലുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ക്സ്തൂരി രംഗന് സമിതി തിരുത്തല്‍ വരുത്തി മന്ത്രാലയത്തിനു സമര്‍പ്പിച്ച ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഉന്നതാധികാര സമിതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഉന്നതാധികാര സമിതിയില്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളേയോ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളേയോ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പശ്ചിമഘട്ട മലനിരകളുള്ള സംസ്ഥാനങ്ങളിലെല്ലാം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ വ്യാപക ജനരോഷമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരുകളും റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ല. കേരളം, കര്‍ണ്ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി തിടുക്കപ്പെട്ട് സ്വീകരിക്കുന്ന നടപടിക്രമങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നാണ് ഈ രണ്ടു സംസ്ഥാനങ്ങളുടേയും ആവശ്യം.
കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ 37 ശതമാനം വരുന്ന പ്രദേശങ്ങളില്‍ യാതൊരു ഇടപെടലും അനുവദിക്കേണ്ടെന്നാണ് മന്ത്രാലയ തീരുമാനം. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പശ്ചിമഘട്ട സംരക്ഷണത്തിനായി ഇറക്കുന്ന ഉത്തരവിന്റെ കരടുരൂപം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു. കന്യാകുമാരി മുതല്‍ വടക്ക് തപ്തി നദി വരെയുള്ള 1500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പശ്ചിമ ഘട്ടത്തില്‍ മണ്ണെടുക്കല്‍,പാറപൊട്ടിക്കല്‍ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ മലിനീകരണമുണ്ടാക്കുന്ന വ്യാവസായിക ശാലകള്‍ക്കും താപവൈദ്യുത പദ്ധതികള്‍ക്കും അനുമതി നല്‍കില്ല. 20,000 ചതുരശ്ര മീറ്ററിലധികം വരുന്ന കെട്ടിടങ്ങളുടെ നിര്‍മ്മണവും പശ്ചിമഘട്ട മേഖലയില്‍ അനുവദിക്കില്ലെന്നാണ് മന്ത്രാലയ തീരുമാനം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: