ന്യൂദല്‍ഹി: സൈക്കിള്‍ സവാരി നടത്തുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് പരിസ്ഥിതി പ്രവര്‍ത്തകയും സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയേണ്മെന്റ്(സിഎസ്ഇ) ഡയറക്ടറുമായ സുനിത നാരായണന് ഗുരുതര പരുക്ക്. ഇന്നലെ രാവിലെ ആറുമണിക്ക് ദല്‍ഹിയിലാണ് സംഭവം.
എയിംസ് ആശുപത്രിയില്‍ കഴിയുന്ന സുനിതയുടെ രണ്ട് കൈകള്‍ക്കും ഒടിവ് സംഭവിച്ചതായും നെഞ്ചില്‍ ഗുരുതരമായ പരുക്ക് പറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും സുനിത ആശുപത്രിയില്‍ ചികിത്സയിലാണ്.
ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്ത് താമസിക്കുന്ന സുനിത രാവിലെ ആറുമണിക്ക് ലോധി ഗാര്‍ഡനിലേക്ക് സൈക്കിളില്‍ പോകവേയാണ് അമിതവേഗതയിലെത്തിയ കാര്‍ പുറകില്‍ നിന്നും ഇടിച്ചത്. അപകടം നടന്നയുടനെ കാര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
2005ല്‍ പത്മശ്രീ പുരസ്കാരം നേടിയ സുനിത, പരിസ്ഥിതി മാസികയായ ഡൗണ്‍ ടു എര്‍ത്തിന്റെ ഡയറക്ടറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: