മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം. മിലാനില്‍ നടക്കുന്ന പോരാട്ടത്തില്‍ എസി മിലാനും ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എച്ചില് തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ബാഴ്സ ഇന്ന് സാന്‍സിറോ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ഇരുടീമുകളും ഇതേ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മിലാന് 2-0ന് വിജയിച്ചിരുന്നു. ഇതിന് പകരം വീട്ടുക എന്ന ലക്ഷ്യവും കറ്റാലന്പടയ്ക്കുണ്ട്.
എന്നാല്‍ നൗക്യാമ്പില്‍ നടന്ന രണ്ടാം പാദത്തില്‍ 4-0ന് ബാഴ്സ എസി മിലാനെ തകര്‍ത്തിരുന്നു. പരിക്കില്‍ നിന്ന് മുക്തനായ മെസ്സി ടീമില്‍ തിരിച്ചെത്തിയതും ബാഴ്സക്ക് ആത്മവിശ്വാസം നല്കുന്നു. മെസ്സിയെ കുടാതെ നെയ്മര്‍, ഫാബ്രിഗസ്, ഇനിയേസ്റ്റ, സാവി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബാഴ്സ നിര. അതേസമയം എസി മിലാന് പരിക്കിന്റെ പിടിയിലാണ്. സൂപ്പര്‍താരം മരിയോ ബലോട്ടെല്ലി ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. എങ്കിലും മോണ്ടിവിലോയും റൊബീഞ്ഞോയും കാകയും ഉള്‍പ്പെടുന്ന മിലാന് നിര കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും എതിരാളികളെ ഞെട്ടിക്കാന്‍ കരുത്തുള്ളവരാണ്. മിലാന് രണ്ട് കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള അയാക്സ് പോയിന്റൊന്നും നേടിയിട്ടില്ലാത്ത സെല്‍റ്റികിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മത്സരത്തില്‍ ചെല്‍സി എഫ്സി ഷാല്‍ക്കെയെ നേരിടും. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം തുടരുന്ന ചെല്‍സി ഇന്ന് വിജയം ലക്ഷ്യമിട്ടാണ് ഷാല്‍ക്കെക്കെതിരെ എവേ മത്സരത്തിനിറങ്ങുന്നത്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഷാല്‍ക്കെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ചെല്‍സി ഒരു വിജയവും ഒരു പരാജയവുമടക്കം മൂന്നുപോയിന്റുമായി മൂന്നാമത്. മറ്റൊരു മത്സരത്തില്‍ ബാസല്‍ സ്റ്റീവ് ബുക്കാറസ്റ്റിന് നേരിടും.
ഗ്രൂപ്പ് എഫില്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ആഴ്സണല്‍ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങും. ജര്‍മ്മന്‍ പ്ലേ മേക്കര്‍ മെസ്യൂട്ട് ഓസിലിന്റെ വരവോടെ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ആഴ്സണലിന് നിലവിലെ റണ്ണേഴ്സായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് എതിരാളികള്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഴ്സെലെ സീരി എ കരുത്തരായ നപ്പോളിയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് ജിയില്‍ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങുന്ന അത്ലറ്റികോ മാഡ്രിഡിന് എവേ പോരാട്ടത്തില്‍ ആസ്ട്രിയ വിയന്നയാണ് എതിരാളികള്‍. സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന അത്ലറ്റികോക്കാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. മറ്റൊരു മത്സരത്തില്‍ സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ് എഫ്സി പോര്ട്ടയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: