ഫ്ളോറിഡ: ജീവപര്യന്തം ജയില്‍ശിക്ഷയ്ക്ക് വിധിച്ച രണ്ട് ഘാതകരെ അമേരിക്കയിലെ ഫ്ളോറിഡ ജയില്‍ അധികൃതര്‍ അബദ്ധത്തില്‍ വിട്ടയച്ചു. ഇവരുടെ മോചനം ഉത്തരവിട്ട് ജയിലില്‍ ലഭിച്ച വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ജയില്‍ അധികൃതര്‍ ഇരുവരെയും വിട്ടയച്ചത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.ജോസഫ് ജെന്‍കിന്‍സ്, ചാള്‍സ് വാക്കര്‍ എന്നിവരാണ് അധികൃതരുടെ അശ്രദ്ധ മൂലം ജയില്‍ മോചിതരായത്.
ഇവരുടെ മോചനം സംബന്ധിച്ച് സിറ്റിംഗ് ജഡ്ജിയുടെ വ്യാജ ഒപ്പോടു കൂടിയ രേഖകള്‍ കുറ്റവാളികളെ മോചിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.1998ലാണ് കൊലപാതകകേസില്‍ ജെന്കിന് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 1999ലാണ് വാക്കറിന് കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
ഓറഞ്ച് കൗണ്ടി ചീഫ് ജസ്റ്റിസ് ബെല്വിന് പെറിയുടെ വ്യാജ ഒപ്പോടു കൂടിയ ഉത്തരവ് ഒമ്പതാമത്തെ ജുഡീഷ്യല്‍ സെര്‍ക്യൂട്ട് ലെറ്റര്‍ഹെഡിലാണ് അച്ചടിച്ചിരുന്നത്. ഓറഞ്ച് കൗണ്ടിയിലെ ഗുമസ്തന്റെ ഓഫീസില്‍ നിന്നുമാണ് രേഖകളുടെ നടപടിക്രമങ്ങള്‍ നടന്നത്. ഇവിടെ നിന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷനിലേക്ക് അയച്ച ഉത്തരവ് പ്രകാരമാണ് കാരബെല്ലിലെ ഫ്രാങ്ക്ലിന് ജയില്‍ അധികൃതര്‍ മോചന നടപടികള്‍ കൈക്കൊണ്ടത്.ഓറഞ്ച് കൗണ്ടിയില്‍ നിന്നുള്ള മറ്റ് മോചന ഉത്തരവുകള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: