പൂനെ: ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടമാണിത്. അതിനാല്‍ത്തന്നെ തുടക്കത്തിലെ ഫലങ്ങള്‍ നിര്‍ണായകം. ആദ്യം തന്നെ അടിപതറിയാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടുപോകും. ടീം ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും അതു നന്നായറിയാം. പക്ഷേ, മഹേന്ദ്ര സിങ് ധോണിയും കൂട്ടരും അതു മറന്നു പോയി. ഫലമോ ഏഴു മത്സരങ്ങളടങ്ങിയ പരമ്പരയിലെ കന്നിയങ്കത്തില്‍ നല്ല മാര്‍ജിനില്‍ തോറ്റു, 72 റണ്‍സിന്. സൂപ്പര്‍ താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീമിന് താങ്ങാനാവുന്നതിനും അപ്പുറമായി ഈ പരാജയം.
കളിയുടെ എല്ലാ തലങ്ങളിലും ഓസ്ട്രേലിയ ഇന്ത്യയെ കടത്തിവെട്ടിക്കളഞ്ഞെന്നു പറയാം. ആരോണ്‍ ഫിഞ്ചിന്റെയും (72 റണ്‍സ്, എട്ട് ഫോര്‍, മൂന്നു സിക്സറുകള്‍) എതിര് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയുടെയും (85, 10 ഫോറുകള്‍) മസില് പവ്വര്‍ ധോണിപ്പടയെ മുച്ചൂടുംമുടിച്ചു.
മൂന്നു സിക്സറുകളടക്കം 31 റണ്‍സ് വാരിയ ഗ്ലെന്‍ മാക്സ്വെല്ലും ഇന്ത്യന്‍ ബൗളര്‍മാരോടു ദയ കാട്ടിയില്ല. ഇഷാന്ത് ശര്‍മ ഏഴ് ഓവറില്‍ 56ഉം വിനയ് കുമാര്‍ 9 ഓവറില്‍ 68 വഴങ്ങി. ഇരുവരും ഓരോ ഇരകളെ വീതം കണ്ടെത്തിയെങ്കിലും കിട്ടിയ തല്ലിന്റെ ക്ഷീണമകറ്റാന്‍ അതുപോരായിരുന്നു. ആര്.അശ്വിനും (1ന് 55) ഭുവനേഷ് കുമാറും (7 ഓവറില്‍ 41) പതിവു മൂര്ച്ചകാട്ടിയില്ല. 35 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കേറ്റ്ടുത്ത രവീന്ദ്ര ജഡേജ വേറിട്ടു നിന്നു. ഇന്ത്യന്‍ ബൗളര്‍മാരെ ഹതാശരാക്കിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് കുറിച്ചത്.
എങ്കിലും ശക്തമായ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കത് അപ്രാപ്യമായ ലക്ഷ്യമായിരുന്നില്ല. പക്ഷേ അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാന്മാര് തോല്‍വി ചോദിച്ചുവാങ്ങി. കങ്കാരുക്കളുടെ പേസ് അറ്റാക്കിങ്ങിനെ തന്ത്രപൂര്‍വം നേരിടാനൊന്നും ഇന്ത്യ ശ്രമിച്ചില്ല. വിരാട് കോഹ്ലി (61) രോഹിത് ശര്‍മ (42), സുരേഷ് റെയ്ന (39) എന്നിവരെല്ലാം നല്ലതുടക്കത്തിനുശേഷം പവലിയനിലെത്തി. ധോണിയും (19) യുവരാജ് സിങ്ങും (7) രവീന്ദ്ര ജഡേജയും ബാറ്റ് താഴ്ത്തിയപ്പോള്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 49.4 ഓവറില്‍ 232ന് ലോക ചാമ്പ്യന്മാര് ഒതുങ്ങിക്കൂടി.
മൂന്നു വിക്കറ്റ് പിഴുത ജയിംസ് ഫാല്‍ക്നറും രണ്ടുപേരെ വീതം അരിഞ്ഞിട്ട ക്ലിന്റ് മക്കായിയും ഷെയ്ന് വാട്സനും ഓസീസ് തേര്‍വാഴ്ച്ചയ്ക്ക് നേതൃത്വം നല്കി. രോഹിത്തിന്റെ ക്യാച്ചും ഉശിരന്‍ റിഫ്ലക്സുകളുമായി കളംനിറഞ്ഞ ഫിലിപ്പ് ഹ്യൂസിലെ പാര് ടൈം വിക്കറ്റ് കീപ്പറും മത്സരഫലത്തെ സ്വാധീനിച്ചു. നേരത്തെ ബാറ്റ് ചെയ്തപ്പോഴും (47) ഹ്യൂസ് തിളങ്ങിയിരുന്നു. മുന്നില്‍ നിന്നു നയിച്ച ബെയ്ലിയാണ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: