കരുനാഗപ്പള്ളി: ഭാരതം ഭാരതമായി നിലനില്‍ക്കുന്നത് ഹിന്ദുത്വത്തിന്റെ കരുത്തിലാണെന്ന് രാഷ്ട്രീയ സ്വയംസേവകസംഘം സഹപ്രാന്തപ്രചാരക് കെ. വേണു. പൊടിപ്പുംതൊങ്ങലും വച്ച് രംഗപ്രവേശംചെയ്ത പ്രത്യയ ശാസ്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ഹിന്ദുത്വ ആശയം നിലനില്‍ക്കുന്നത് ഈ ശാസ്ത്രം ഒരു വ്യക്തിയില്‍ അധിഷ്ഠിതമല്ലെന്നുള്ളതുകൊണ്ടാണ്.
വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച വിജയദശമി ആഘോഷത്തിന്റെ പൊതുസമ്മേളനം തഴവായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വം ഉല്‍പ്പന്നമല്ല, ജീവിത വ്യവസ്ഥയാണ്. അനുഭവങ്ങളെ തലമുറകളില്‍നിന്നും തലമുറകളിലേക്ക് പ്രദാനം ചെയ്യുന്ന വ്യവസ്ഥയാണത്. ഇന്നു നാം അനുഭവിക്കുന്ന വര്‍ത്തമാന വ്യഥ പടിഞ്ഞാറിനെ കെട്ടിപ്പുണര്ന്നതില് നിന്നും ഉണ്ടായതാണ്. അടിമത്വത്തിന്റെ തടവറയില്‍നിന്നും ഇന്നും നാം രക്ഷ നേടിയിട്ടില്ല. സ്വാതന്ത്ര്യം നമുക്ക് നേടിത്തന്നത് ജന്മനാ പാശ്ചാത്യരില്‍നിന്നും കര്‍മ്മണാ പാശ്ചാത്യരിലേക്കുള്ള അധികാരകൈമാറ്റം മാത്രമാണ്. മതത്തെ തരംപോലെ പ്രയോഗിക്കുക എന്നതല്ല മതേതരത്വം. വിദ്യാഭ്യാസം മാര്‍ക്കിനെ പ്രസവിക്കുന്ന യന്ത്രമായി മാറിയിരിക്കുന്നു. അറിവുനേടിയപ്പോള്‍ തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 88-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നന്ന പഥസഞ്ചലനം മണപ്പള്ളിയില്‍ നിന്നും ആരംഭിച്ച് അരമത്തുമഠംവഴി തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
പൊതുസമ്മേളനത്തില്‍ അമൃതാനന്ദമയി മഠം ബ്രഹ്മചാരി വേദാമൃതചൈതന്യ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കാര്യവാഹ് അജീഷ് സ്വാഗതം പറഞ്ഞു. പഥദസഞ്ചലനത്തിന് ജില്ലാ പ്രചാരക് എസ്.വിഷ്ണു, ഗ്രാമ ജില്ലാകാര്യവാഹ് എ. വിജയന്, താലൂക്ക് കാര്യവാഹ് അജീഷ്, പ്രചാരക് വി. എന്‍. ദീപക് എന്നിവര്‍ നേതൃത്വം നല്കി. പഥസഞ്ചലന ഭാഗമായി കായിക പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: