ബീജിങ്: ചൈനയില്‍ സര്‍ക്കാര്‍ മീഡിയ ഏജന്‍സിയുടെ കീഴില്‍ 250,000 മാധ്യപ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. ചൈനീസ് നിയമത്തിന്റെ കീഴിലുള്ള സെന്‍സര്‍ നടപ്പാക്കുന്നതിനും മാധ്യമങ്ങളെ നേര്‍വഴിക്ക് കൊണ്ടുപോകുന്നതിനുമായാണ് പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്കി രംഗത്തിറക്കുന്നത്. ഭരണകൂടത്തിന്റെ ചട്ടക്കൂടിനുള്ളില്‍ മാധ്യമങ്ങളെ കൊണ്ടു വരികയെന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
ചൈനീസ് നിയമത്തിന്റെ കീഴില്‍ മാധ്യമങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ വാര്ത്തെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നിര്‍ബന്ധിത മാധ്യമ പരിശീലനമാണ് കൗമാരക്കാര്‍ക്ക് നല്‍കുന്നത്. സ്റ്റേറ്റ് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് പ്രസ്സ്, പ്രസാധനം, റേഡിയോ, ടിവി, ചലച്ചിത്രം തുടങ്ങിയ തലത്തില്‍ കൂടിയാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരിശീലനം മുഖേന ഇവര്‍ ന്യൂസ് ഏജന്‍സി, ന്യൂസ് പേപ്പര്‍, ടിവി സ്റ്റേഷന് തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യരാവും. 2013 ന്റെ അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കി നവ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങും.
ദേശഭക്തിയിലൂടെ മാധ്യമപ്രവര്‍ത്തനം എന്ന കാഴ്ച്ചപ്പാടായിരിക്കും പരിശീലനത്തിലുടനീളം പ്രതിഫലിക്കുക. നിശ്ചിത ദിവസങ്ങളില്‍ സൈനിക യൂണിഫോം അണിഞ്ഞായിരിക്കും വിദ്യാര്‍ത്ഥികള്‍ പരിശീലത്തിനെത്തുക. സര്‍ക്കാരാണ് പരിശീനങ്ങളെ ഏകീകരിച്ച് നടപ്പിലാക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രസ്സ് കാര്‍ഡും, അക്രഡിറ്റേഷനും നല്‍കും. ആറ് വിഷയങ്ങളില്‍ മാര്‍ക്സിസ്റ്റ് തത്വശാസ്ത്രവും അടങ്ങുന്നു.
ചൈനീസ് സര്‍ക്കാരിന്റെ അഴിമതി ഈ അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വന്‍ വിവാദമായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ ബോ സിലായിയെ അഴിമതിക്കുറ്റത്തിന് ഇരുപത്തിരണ്ടു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചിരുന്നു. മാത്രമല്ല പോളിറ്റ് ബ്യൂറോ അംഗം ചെന്‍ ലിയാങ്ങ്യുവിനെ മറ്റൊരു അഴിമതിക്കുറ്റത്തിനു പതിനെട്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചതും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ അനുകൂലമാക്കുന്നതിനുള്ള നടപടിയായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ പരിഷ്കാരത്തെ നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: