മോസ്കോ: സമുദ്രത്തിലെ എണ്ണ ചൂഷണത്തിനെതിരെ പ്രതിഷേധിച്ച സന്നദ്ധ സംഘടനയായ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകരുടെ കപ്പലിനെ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ആര്‍ട്ടിക് സമുദ്രത്തിലെ എണ്ണപര്യവേഷണത്തിനെതിരെയാണ് ആര്‍ടിക് സണ്‍റൈസ് എന്ന ഗ്രീന്‍പീസ് കപ്പലില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയത്. റഷ്യന്‍ സൈന്യം ഹെലികോപ്റ്ററില്‍ കപ്പലിന്റെ മുകളില്‍ കയര്‍വഴി ഇറങ്ങുകയും കപ്പലിനെ നിയന്ത്രിക്കുന്ന മുറികളും ആശയവിനിമയസംവിധാനവും അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഏകദേശം 4.30തോടെ കപ്പലില്‍ നിന്നുള്ള ആശയവിനിമയം നിലച്ചതായി ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
റഷ്യന്‍ സൈന്യം കപ്പല്‍ പിടിച്ചെടുക്കുകയും അതിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകരെ കപ്പലില്‍ പൂട്ടിയിടുകയും ചെയ്തതായി സംഘടനാ അധികൃതര്‍ അറിയിച്ചു. പൂട്ടിയിട്ട കപ്പലില്‍ നിന്നും മൂന്ന് പ്രവര്‍ത്തകര്‍ രഹസ്യമായി വാര്‍ത്താ ഏജന്‍സിയെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഇക്കാര്യം ലോകം അറിഞ്ഞത്.
സൈന്യം കപ്പലിനകത്തെ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയും കത്തിപോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് സാധനങ്ങള്‍ നശിപ്പിക്കുകയും സന്നദ്ധ പ്രവര്‍ത്തകരെ തോക്കിന്റെ മുന്നില്‍ നിര്‍ത്തുകയും ചെയ്തതായി ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പത്തോളം റഷ്യന്‍ സൈനിക കമാന്റോകളാണ് ഹെലികോപ്റ്റര്‍ വഴി കപ്പലില്‍ ഇറങ്ങിയത്. 29 പ്രവര്‍ത്തകരെ സൈന്യം തോക്കിന് മുനയില്‍ നിര്‍ത്തിയതായി കപ്പലിലെ ബ്രിട്ടണ്ക്കാരനായ ആക്ഷന്‍ കോടിനേറ്റര്‍ ഫ്രാങ്ക് ഹിവിറ്റ്സണ് അറിയിച്ചു.
കപ്പലിലുണ്ടായ 30 ഗ്രീന്‍പീസ് പ്രവര്‍ത്തകരില്‍ ആറ് പേര് ബ്രിട്ടീഷുകാരാണ്. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്. കപ്പലിലെത്തിയ സൈനികര്‍ ആകാശത്തേക്ക് വെടിവയ്ക്കുകയും കപ്പലിലെ സുരക്ഷാ ജാക്കറ്റുകള്‍, ബോട്ടുകള്‍ തുടങ്ങിയവ നശിപ്പിച്ചതായും ഗ്രീന്‍പീസ് അധികൃതര്‍ അറിയിച്ചു. ലോകമെങ്ങുമുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയകളായ ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിറയുകയാണ്. റഷ്യന്‍ സൈന്യം കപ്പല്‍ പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.
ആര്‍ട്ടിക് സമുദ്രത്തിലെ എണ്ണ ഖാനനം വന്‍ പരിസ്ഥിതിദുരന്തത്തിന് വഴിയൊരുക്കുമെന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രീന്‍പീസ് അറിയിച്ചു. റഷ്യന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്ത നടപടിയില്‍ പ്രവര്‍ത്തകര്‍ക്കാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ ഈ വിഷയത്തെപ്പറ്റി റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: