കൊച്ചി: ക്ഷേത്രത്തിനുള്ളില്‍ പലയിടത്തും രക്തം കണ്ടത് പരിഭ്രാന്തി പടര്‍ത്തി. കുന്നുകര പഞ്ചായത്തിലെ ചിറ്റിയേപ്പിള്ളി ഭഗവതി ക്ഷേത്രത്തിലാണ് പലയിടത്തും രക്തം കണ്ടത്. കഴിഞ്ഞ രാത്രിയില്‍ ആരോ സാമുദായിക അന്തരീക്ഷം തകര്‍ക്കുവാന്‍ ക്ഷേത്രത്തില്‍ രക്തം ഒഴിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ശ്രീകോവിലിന് മുന്നിലും നടപ്പന്തല്‍ ഹോമകുണ്ഡം, കൊടിവിളക്ക്, ഗേറ്റ് എന്നിവിടങ്ങളിലാണ് രക്തം കണ്ടെത്തിയത്. രക്തം പലയിടത്തും കട്ടപിടിച്ച് കിടക്കുന്നു. ഹോമകുണ്ഡത്തിന്റെ മൂന്ന് ഇഷ്ടികകള്‍ അടര്‍ന്നുവീണ അവസ്ഥയിലാണ്. ഇവിടെയുള്ള കൊടിവിളക്ക് മറിഞ്ഞുവീണും അതിന് മുകളില്‍ ഇഷ്ടിക കയറ്റിവച്ച നിലയിലുമാണ് കാണപ്പെട്ടത്. ഇവിടെയും രക്തം വീണിട്ടുണ്ട്. ചുവന്ന പെയിന്റടിച്ച ഗേറ്റില്‍ രക്തപ്പാടുണ്ട്. കനത്ത മഴയില്‍ ഗേറ്റിലെ രക്തം ഒഴുകിപ്പോയ പാടാണ് അവശേഷിച്ചിട്ടുള്ളത്.
ചെങ്ങമനാട് എസ്ഐ സി.പി. ഹാപ്പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലര്‍ച്ചെ ക്ഷേത്രത്തില്‍ നട തുറക്കാനായി എത്തിയ പൂജാരിയാണ് രക്തം കണ്ടത്. ഉടനെ ക്ഷേത്ര ഭാരവാഹികളെ വിളിച്ചുവരുത്തി. ഇവരാണ് പോലീസില്‍ വിവരമറിയിച്ചത്.
ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു
പറവൂര്‍ കുന്നുകര പഞ്ചായത്തിലെ അടുവാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ചിറ്റിയേപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ രാത്രിയില്‍ രക്തം ഒഴിച്ച് അശുദ്ധിയുണ്ടാക്കിയതില് ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ശ്രീകോവിലിനു മുന്നിലും നടപന്തലിലും വ്യാപകമായി രക്തം ഒഴിച്ചത് ഏതോ ദുഷ്ട ശക്തികളുടെ പദ്ധതികളാണ്. സാമുദായിക അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ ലാഭം നേടുക എന്ന ദുരുദ്ദേശത്തോടെ നടത്തിയ ഈ ഹീനശ്രമങ്ങള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഹിന്ദുഐക്യവേദിയും പങ്കുചേരുന്നു. ക്ഷേത്രപരിശുദ്ധി നശിപ്പിച്ച് ആരാധനക്ക് തടസ്സം വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കുന്നുകര പഞ്ചായത്തു സമിതി ആവശ്യപ്പെട്ടുഅടിയന്തിര കമ്മിറ്റിയില്‍ താലൂക്ക് ഭാരവാഹികളായ ടി.പി ബാബു. തമ്പി എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രതിഷേധം രേഖപ്പെടുത്തി. അന്വേഷണം എത്രയും വേഗത്തിലാക്കി ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി പ്രതിഷേധിച്ചു
ശ്രീകോവിലിനു മുമ്പില്‍ രക്തം ഒഴിച്ച് ക്ഷേത്രം അശുദ്ധിയാക്കുകയും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുവാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ബി.ജെ.പി. കുന്നുകര പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഈ ഛിദ്രശക്തികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. കൃഷ്ണകുമാര്‍, കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി ബൈജു ശിവന് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: