മരട്: ട്രാഫിക് പോലീസിന്റെ തലതിരിഞ്ഞ ഗതാഗതനിയന്ത്രണംമൂലം ബൈപാസില്‍ കുരുക്ക് മുറുകുന്നു. വൈറ്റില-അരൂര്‍ റോഡിലെ കുണ്ടന്നൂര്‍ ജംഗ്ഷനിലാണ് ഗതാഗത പരിഷ്കാരം വാഹനഗതാഗതത്തിന് വിനയായിരിക്കുന്നത്. നിരത്തില്‍ വാഹനത്തിരക്ക് ഏറെയുള്ള സമയത്ത് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെയാണ് പോലീസിന്റെ ഗതാഗതനിയന്ത്രണം. എന്നാല്‍ തിരിക്ക് കുറഞ്ഞ സമയത്തും ഈ രീതിയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനാല്‍ നിരത്തില്‍ കുരുക്ക് മുറുകുകയാണ്.
തോപ്പുംപടി, പേട്ട റോഡുകളും വൈറ്റില-അരൂര്‍ റോഡുകളും ഒന്നിക്കുന്നതാണ് കുണ്ടന്നൂര്‍ ജംഗ്ഷന്. ജംഗ്ഷന്റെ പലഭാഗത്തും കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ ജംഗ്ഷന് കടന്നുപോകുന്നത്. ഇതിന് പുറമെയാണ് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതു കാരണമുള്ള ഗതാഗതക്കുരുക്കും.
സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാതെ ഗതാഗതം നിയന്ത്രിക്കുമ്പോഴും ആവശ്യത്തിന് ട്രാഫിക് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ട്രാഫിക് വാര്ഡന്മാരും ഹോംഗാര്‍ഡുകളുമാണ് വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ രംഗത്തുണ്ടാവുക. ഇവരുടെ പെരുമാറ്റദൂഷ്യം മൂലം വാക്കേവും പ്രശ്നങ്ങളും പതിവുസംഭവമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് ഒരു കാര്‍ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ച സംഭവവും അടുത്തിടെയുണ്ടായി.
ദീര്‍ഘദൂര വാഹനങ്ങള്‍ക്കും മറ്റും നഗരത്തിരക്കില്‍പ്പെടാതെ എളുപ്പം ലക്ഷ്യസ്ഥാനത്തെത്താനാണ് ബൈപ്പാസുകള്‍. എന്നാല്‍ ഇടപ്പള്ളി-അരൂര്‍ ബൈപാസില്‍ ഇത് സാധ്യമാകാത്ത സ്ഥിതിയാണ്. ട്രാഫിക് പോലീസിന്റെ പിടിപ്പുകേടുമൂലമുള്ള ഗതാഗതക്കുരുക്കുതന്നെയാണ് മുഖ്യപ്രശ്നം. ഇന്ധനം കത്തിത്തീരുന്നതുമൂലമുള്ള പണം നഷ്ടവും തിരക്കില്‍പ്പെട്ടുള്ള സമയനഷ്ടവും ബൈപാസ് യാത്ര ദുരിതപൂര്‍ണമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: